Tuesday, April 5, 2011

ഉറുമി അല്ല, ഇത് കൊടുവാള്‍ (Updated)

എന്തൊക്കെ ബഹളമായിരുന്നു ... .

ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ പോയ ഞാന്‍ "പടം ദേ, ഇപ്പ തൊടങ്ങിയതേ ഒള്ളു" എന്ന് ടിക്കറ്റ് കൊടുക്കാന്‍ ഇരിക്കുന്ന പളനി ശക്തിവേല്‍ ഗൌണ്ടരുടെ തിരുവചനം കേട്ട് സിനിമ കാണാന്‍ കയറി. അങ്ങനെ തുടക്കത്തില്‍ കുറച്ചു ഭാഗം ഞാന്‍ കാണാന്‍ വിട്ടു പോയി. അത് കണ്ടിരുന്നു എങ്കിലും ഇല്ലെങ്കിലും, ഞാന്‍ കണ്ടിടത്തോളം ഭാഗങ്ങളെപ്പറ്റി ഉള്ള എന്‍റെ അഭിപ്രായം മറ്റൊന്ന് ആകുമായിരുന്നില്ല എന്ന് എനിക്ക് ഉറപ്പുണ്ട് എന്ന് കൂട്ടിച്ചേര്‍ക്കട്ടെ. ഞാന്‍ ആദ്യം കാണുന്ന സീന്‍ ഇതാണ്: ജഗതി ശ്രീകുമാര്‍ ചിറയ്ക്കല്‍ രാജാവിന്റെ നപുംസകമായ മന്ത്രി ആയി അഭിനയിക്കുന്നു. രാജാവ് ചില പ്രശ്നങ്ങള്‍ കാരണം കലിപ്പിലാണ്. അപ്പോള്‍ ഭടന്മാര്‍ കൊണ്ടുവരുന്നു, കേളു(പൃഥ്വി)യെയും, വവ്വാലി(പ്രഭുദേവ)യെയും. രാജകുമാരിയെ കൊല്ലാന്‍ ശ്രമിച്ചു എന്നതാണ് കുറ്റം. മന്ത്രി അവരെ ആനയെക്കൊണ്ട്‌ ചവിട്ടി കൊല്ലിക്കാന്‍ ഉത്തരവ് ഇടുന്നു; അവസാന നിമിഷം രാജകുമാരി വന്ന് അവര്‍ തന്നെ രക്ഷിച്ചവര്‍ ആണ് എന്നു പറഞ്ഞ് ശിക്ഷ റദ്ദ് ചെയ്യിക്കുന്നു.

അപ്പോള്‍ അത് വരെ ഭടന്മാരും മന്ത്രിയും രാജാവും വരെ മാറി മാറി ചോദിച്ചിട്ടും നായകന്‍ ഒരക്ഷരം മിണ്ടാതെ പഴം വിഴുങ്ങിയത് പോലെ നിന്നത് എന്തിനായിരുന്നു എന്ന ചോദ്യം ബാക്കി.

പിന്നെ സിനിമയിലെ ഡയലോഗുകളുടെ സ്റ്റാൻഡാർഡ് ആണ് എടുത്തു പറയേണ്ടത്. "നാളുകളേറെയായി നല്ലതെന്തെങ്കിലും നാവിന്‍ തുമ്പത്തു വെച്ചിട്ട്" എന്നു ഒരു സീനില്‍ കേളു പറയുന്നു. ഏതാണ്ട് ഇതേ സ്റ്റൈലിലാണ് പടത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും സംഭാഷണം! ചുരുക്കിപ്പറഞ്ഞാല്‍ ഒരു പുണ്യപുരാണ സ്റ്റണ്ട് ബാലെയോ പ്രേംനസീറും ഷീലയും അഭിനയിച്ച വടക്കന്‍പാട്ട് സിനിമയോ കാണുന്ന തോന്നല്‍ ആണ് കിട്ടുക.

പിന്നെ കാണുന്നത് രാജാവും മന്ത്രിയും കൂടെ തടവുകാര്‍ക്ക് -- കേളു, വവ്വാലി -- ഊണ് വിളമ്പിക്കൊടുക്കുന്ന രംഗം. ഭീകരം തന്നെ, ഇങ്ങനെയൊക്കെ എടുത്തു വെച്ച സംവിധായകന്റെ ബോധം (എഴുതിപ്പിടിപ്പിച്ച ശങ്കര്‍ രാമകൃഷ്ണന്‍ എന്ന മഹാന്‍റെയും). വീണ്ടും കുറെ നാടക ഡയലോഗ് ഒക്കെ തള്ളി വിട്ടിട്ട് കേളു വവ്വാലിയോടൊപ്പം ഗാമയുടെ മകനെ പിടിക്കാന്‍ പുറപ്പെടുന്നു.

അവര്‍ പോകാന്‍ ഇറങ്ങുമ്പോള്‍ രാജകുമാരി ഓടി വന്ന് സൂത്രത്തില്‍ വവ്വാലിയെ തന്‍റെ കിടക്കറയിലേക്ക് ക്ഷണിക്കുന്നുണ്ട്. അല്ല, സൂത്രത്തില്‍ ആണെങ്കില്‍ അങ്ങനെയെങ്കിലും ഉണ്ടായിരുന്നു; ഇത് ഏതു "തകര"ക്കും മനസ്സിലാകുന്ന ഭാഷയില്‍ തന്നെയാണ് കാര്യം അവതരിപ്പിക്കുന്നത്‌. ആ സീന്‍ കണ്ടാല്‍ തോന്നുക എന്താണെന്നോ? ആ കാലത്തെ രാജസ്ത്രീകള്‍ എല്ലാം വികാരം (ഗ്രാമ്യഭാഷയിലെ പ്രയോഗമാണ് കൂടുതല്‍ ചേരുക) മൂത്ത് ആണുങ്ങളെ മുട്ടാന്‍ കൊതിച്ച് നടക്കുന്ന പുംശ്ചലികള്‍ ആയിരുന്നു എന്ന്! അല്ല, അച്ഛനും ആങ്ങളയും പെണ്ണ് പിടിയന്മാര്‍ ആയത് കൊണ്ട് മകള്‍ക്കും ആ സ്വഭാവം വരണമല്ലോ എന്ന് ഓര്‍ത്ത് ശങ്കരന്‍ രാമകൃഷ്ണന്‍ ചേട്ടന്‍ "ആഴത്തിലുള്ള" പാത്രസൃഷ്ടി നടത്തിയതാണോ ഇനി? ഏതായാലും ആ കാലത്തെ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന വിലക്കുകളും, വിശേഷിച്ചും ഉന്നതകുലജാതകള്‍ക്ക് ഭൂഷണമായി കരുതപ്പെട്ടിരുന്ന, അന്തസ്സിന്‍റെ ഭാഗമായി അവര്‍ പാലിച്ചിരുന്ന സദാചാര മൂല്യങ്ങളും ഒക്കെ പരിഗണിക്കുമ്പോള്‍ ഇങ്ങനെ ഒരു രംഗം അങ്ങേയറ്റം അനുചിതം എന്നേ പറഞ്ഞുകൂടാവൂ.

(വവ്വാലി ഒരു അന്യമതവിശ്വാസി ആണ് എന്നത് അന്നത്തെ കാലത്ത് വളരെ വലിയ ഒരു വിഷയം തന്നെ ആയിരുന്നു എന്നും ഓര്‍ക്കണം. ഒരു രാജകുമാരി ഇതൊന്നും ആലോചിക്കാതെ അങ്ങനെ അങ്ങ് എടുത്തു ചാടുമോ? എങ്കില്‍ അന്നത്തെ രീതിക്ക് തലപോയിക്കിട്ടാന്‍ വേറെ വഴി വേണ്ട! അതാണ്‌ ആദ്യം ഞാന്‍ പറഞ്ഞത്, മറ്റേ രീതിയിലുള്ള ഒരു ഇം‌പ്രഷനാണ് പ്രേക്ഷകരില്‍ ഉണ്ടാവുക എന്ന്.)

കേളുവും വവ്വാലിയും കൊച്ചുഗാമയെ പിടിക്കാന്‍ എത്തുമ്പോള്‍, അറയ്ക്കല്‍ രാജവംശത്തിലെ രാജകുമാരിയായ ആയിഷ(ജെനീലിയ)യും അവിടെ ചുറ്റിത്തിരിയുന്നുണ്ട്. അവള്‍ക്കു വേണ്ടപ്പെട്ടയാളായ വലിയ ഹസ്സനെ തൂക്കിലേറ്റാന്‍ പോവുകയാണ് അവിടെ. വധശിക്ഷ നടപ്പിലാക്കുന്നത് വാസ്കോ ഡ ഗാമയുടെ മകന്‍ എസ്തെവോ(?) ഡ ഗാമ. ഒരു ഷോട്ടില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന ആയിഷ അടുത്ത ഷോട്ടില്‍ പ്രത്യക്ഷപ്പെടുന്നത് കോട്ടയുടെ ഉള്ളില്‍.

(WTF?)

അവിടെ നിന്ന് ഒളിയമ്പെയ്ത് അവള്‍ ആരാച്ചാരെ വീഴ്ത്തുന്നു. ഇതായിരുന്നു പദ്ധതി എങ്കില്‍ പിന്നെ ആയിഷ‍ ആള്‍ക്കൂട്ടത്തില്‍ പോയി നിന്നത് എന്തിന്? ഓ, മറന്നു -- ഇല്ലായിരുന്നെങ്കില്‍ അടി കൊണ്ട് വീഴുന്ന വലിയ ഹസ്സനെ പിടിക്കാന്‍ പോകുമ്പോള്‍ കേളുവിനെ കണ്ടുമുട്ടുകയില്ലല്ലോ. കേളുവും ഉറുമിയുമായി വലിയ ഹസ്സനെ രക്ഷിക്കാന്‍ ചാടി വീഴുന്നു. അത് കഴിയുമ്പോള്‍ കേളുവും സംഭവസ്ഥലത്ത് നിന്ന് മുങ്ങി കോട്ടക്കുള്ളില്‍, ആയിഷയുടെ അടുത്ത് പൊങ്ങുന്നു! പുറകേ കൊച്ചുഗാമയുടെ നേതൃത്വത്തില്‍ ഒരു സംഘം പോര്‍ച്ചുഗീസുകാരും. അമ്പെയ്തത് ആരാണെന്ന് ആരും കണ്ടിട്ടില്ല എന്നിരിക്കെ ഇവരൊക്കെ എന്തിന് അതിനുള്ളില്‍ കടന്നു എന്നോ പോര്‍ച്ചുഗീസ് പടയാളികള്‍ ആയിഷയെ കൊല്ലാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നോ എനിക്ക് സത്യം പറയട്ടെ, മനസ്സിലായില്ല. (രാജകുമാരിയെ കൊല്ലുക എന്ന ലക്ഷ്യം പോര്‍ച്ചുഗീസുകാര്‍ക്ക് മുന്‍പേ ഉണ്ടായിരുന്നു എന്നും കരുതാന്‍ വയ്യ. അങ്ങനെയെങ്കില്‍ ആള്‍ക്കൂട്ടത്തില്‍ വെച്ച് കണ്ടപ്പോഴേ തട്ടിയേനെ.) ഇതൊക്കെ എന്താണെന്നോ എന്തിനാണെന്നോ ആര്‍ക്കെങ്കിലും മനസ്സിലായി എങ്കില്‍ ഒന്നു പറഞ്ഞു തന്നാല്‍ വലിയ ഉപകാരം ആയേനെ.

ഫൈറ്റ് സീനൊക്കെ ഭയങ്കര സ്റ്റൈലില്‍ ആണ് എടുത്തിരിക്കുന്നത്. ഓരോരുത്തരെയും അടിച്ചിട്ടു കഴിഞ്ഞ് നായകനും നായികയും സന്തോഷ്‌ ശിവന്‍റെ ക്യാമറക്ക് വേണ്ടി പോസ് ചെയ്യുകയും ചെയ്യുന്നുണ്ട്. ആ കാലത്തെ ആളുകള്‍ക്ക് മോഡലിങ്ങിനോട് ഉള്ള ഡെഡിക്കേഷൻ കണ്ട് കണ്ണ് നിറഞ്ഞു പോയി. അങ്ങനെ കുറെ പോസുകള്‍ കഴിയുമ്പോള്‍ കേളു കൊച്ചുഗാമയെയും കൊണ്ട് സ്ഥലം വിടുന്നു. എന്നാല്‍ അയാളുടെ കൂടെ ചിറക്കല്‍ രാജാവ് അയച്ച പടയാളികള്‍ അറയ്ക്കല്‍ കുടുംബത്തിലെ പെണ്ണുങ്ങളെ എല്ലാം പിടിച്ചു കൊണ്ട് പോകുന്നു. (അത് മുന്‍പത്തെ രംഗങ്ങളില്‍ ഒന്നും രാജാവോ മന്ത്രിയോ ആവശ്യപ്പെടാത്ത കാര്യമാണ് എന്നതും ശ്രദ്ധിക്കുക.)

കേളുവും വവ്വാലിയും ഇടയ്ക്ക് ഒരിടത്തു വിശ്രമിക്കാന്‍ തങ്ങുമ്പോള്‍ അതാ, യക്ഷിയെപ്പോലെ ഒരു സാധനം അവതരിക്കുന്നു: വിദ്യാ ബാലന്‍! ലവളുടെ കഥാപാത്രത്തിന്റെ പേരൊന്നും (പേരുണ്ടെങ്കില്‍) ഞാന്‍ ഓര്‍ക്കുന്നില്ല. വന്ന് ഒരു പാട്ടും പാടി ഡാന്‍സും ചെയ്തിട്ട് വന്ന പോലെ അങ്ങ് പോയി, അത്ര തന്നെ. ഐറ്റം ഡാന്‍സ് ആണത്രേ, ഐറ്റം ഡാന്‍സ്. പുള്ളിക്കാരിയുടെ വയറിന്‍റെ ഷേപ്പ് കാണുമ്പോഴാണ് മര്യാദക്ക് തുണി ഉടുത്തു തന്നെ വരുന്നതായിരുന്നു ഭേദം എന്ന് നമുക്കു ബോദ്ധ്യപ്പെടുന്നത്.

അങ്ങനെ എന്തിനോ വേണ്ടി എടുത്ത ഒരു സിനിമയില്‍ എന്തിനോ വേണ്ടി തിരുകിക്കയറ്റിയ ഒരു പാട്ടും കൂടെ കഴിഞ്ഞ് കേളു ഗാമയെ രാജാവിന് കൈമാറുന്നു. അറയ്ക്കലെ സ്ത്രീകളെയും പെണ്‍കുട്ടികളെയും കൊണ്ട് ഭടന്മാരും എത്തിച്ചേരുന്നു. ആയിഷയെ കണ്ട് അറുവഷളനായ രാജാവും വഷളത്തരത്തില്‍ അങ്ങേരുടെ തന്തയായിട്ടു വരുന്ന യുവരാജാവും കൂടെ കുറെ അവിഞ്ഞ ഡയലോഗ്. ഒടുവില്‍ ആയിഷ യുവരാജാവിന്‍റെ മുറിയില്‍. അവന്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു കൊച്ചുപെണ്‍കുട്ടിയെപ്പറ്റി എന്തോ അനാവശ്യം പറയുന്നതും അവള്‍ അവന്‍റെ കഴുത്തില്‍ കുരുക്കിട്ടു മുറുക്കുന്നതും വരെ ഞാന്‍ കണ്ടു. (സംഭാഷണങ്ങള്‍ എല്ലാം തന്നെ ബാലെ മട്ട് ആയിരുന്നത് കൊണ്ട് സ്ക്രീനില്‍ അധികം ശ്രദ്ധിച്ചില്ല. ട്വിറ്ററിലും ഫേസ്ബുക്കിലും പടം അലമ്പാണെന്ന് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുന്ന തിരക്കിലായിപ്പോയി.) പിന്നെ അടിപിടിയാകുന്നു, കൊല്ലാന്‍ കൊണ്ടുപോകുന്ന ലവളെ കേളു രക്ഷിക്കുന്നു, "ഈ നന്ദി കെട്ട നാട്ടില്‍ നിന്ന് വേറെ എവിടെയെങ്കിലും പോയി പെഴച്ചോ" എന്നു പറഞ്ഞ് ആശാന്‍ തിരികെ നടക്കുന്നു. അപ്പോഴുണ്ട് വേറൊരു ഭീകരന്‍ പടയാളി നായികയുടെ മേല്‍ ചാടി വീഴുന്നു. ലവനെ നിസ്സാരമായി നേരിട്ടിട്ട് വീണ്ടും ആയിഷ ജെനീലിയ ആയി ക്യാമറക്ക്‌ മുന്നില്‍ പോസ് ചെയ്യുന്നു... ഇന്റര്‍വെല്‍... ഞാന്‍ പുറത്തേക്ക്...

ഒരു സിനിമയുടെ തിരക്കഥയില്‍ സംഭാഷണങ്ങള്‍ക്കുള്ള പ്രാധാന്യത്തെപ്പറ്റി പല തിരക്കഥയെഴുത്തുകാരും സംവിധായകരും ശ്രദ്ധിച്ചു കാണുന്നില്ല. എത്ര അവിശ്വസനീയമായ, എത്ര ദുറാവായ, എത്ര ലൂട്ടിമസ്സായ (കട: സഞ്ജയന്‍) സന്ദര്‍ഭവും പ്രേക്ഷകരില്‍ മടുപ്പുളവാക്കാതെ അവതരിപ്പിക്കാന്‍ നല്ല സംഭാഷണങ്ങള്‍ക്ക് കഴിയും. എന്നാല്‍ മറിച്ച്, എത്ര നല്ല സന്ദര്‍ഭവും പരമബോറാക്കാന്‍ മോശമായി എഴുതപ്പെട്ട സംഭാഷണങ്ങള്‍ മതി. "ഉറുമി"യില്‍ എനിക്ക് ഏറ്റവും കല്ലുകടിയായി തോന്നിയത് അതിലെ അമിത നാടകീയത കലര്‍ന്ന, പ്രാസമൊപ്പിച്ചുള്ള ഡയലോഗുകളാണ്. എം. ടി. യുടെയും ലോഹിതദാസിന്റെയും ടി. ദാമോദരന്റെയും സിനിമകള്‍ കണ്ടിട്ടുള്ള ആളുകളാണല്ലോ ഇമ്മാതിരി ചവറെഴുതുന്നത് എന്ന് ഓര്‍ക്കാന്‍ തന്നെ പ്രയാസം.

പിന്നെ, പ്രഭുദേവ. ഇയാളുടെ ക്യാരക്ടര്‍ മലയാളിയാണ്. എന്നാല്‍ പറയുന്നത് നല്ല ചെന്തമിഴ് മലയാളവും. വല്ല നല്ല ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനെയും കൊണ്ട് അതങ്ങ് ഒപ്പിച്ചാല്‍ പോരായിരുന്നോ?

വലിയ ഹസ്സന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍റെ അഭിനയം, സ്ക്രീന്‍ ടൈം കുറച്ചെ ഉള്ളൂ എങ്കില്‍ തന്നെയും, നന്നായിരുന്നു.

ജഗതി ശ്രീകുമാര്‍ ഒരു നപുംസകത്തെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. സാധാരണ ജഗതിയുടെ അഭിനയം എനിക്ക് അത്ര ഇഷ്ടപ്പെടാറില്ല. പുള്ളിക്കാരന്റെ ഡയലോഗ് ഡെലിവറിയില്‍ എപ്പോഴും ഒരു കൃത്രിമത്വം ഉണ്ട് എന്നതാണ് കാരണം. ഇവിടെയും ആ കുറവ് ഉണ്ടെങ്കില്‍ തന്നെയും; ബേസിക്കലി ആ കഥാപാത്രം ആണായത് കൊണ്ട് പെരുമാറ്റത്തില്‍ മുന്നിട്ടു നില്‍ക്കുന്ന പുരുഷത്വവും, എന്നാല്‍ അതിനോടൊപ്പം ചിലപ്പോള്‍ ഏറിയും ചിലപ്പോള്‍ കുറഞ്ഞും സ്ത്രൈണത കലര്‍ന്നും ഉള്ള പ്രകടനം ജഗതിയുടെ കൈയില്‍ ഭദ്രം. കണ്ടു പഠിക്കാനുള്ളത് ആര്‍ക്കാണെന്നറിയാമോ? ദിലീപിന്!

സിനിമയില്‍ കാണിക്കുന്ന നാട്ടുകാരുടെ വേഷവിധാനങ്ങള്‍ കേരളത്തിലെ അല്ല, വടക്കേ ഇന്ത്യയിലെ ഗ്രാമീണരുടെത് പോലെയുണ്ട്. ചരിത്ര "ഭാവന" ആയതു കൊണ്ടും സ്റ്റൈലിന് പ്രാധാന്യം കൂടുതല്‍ കൊടുത്തത് കൊണ്ടും വരുന്ന ഓരോരോ കുഴപ്പങ്ങള്‍.

ഈ സിനിമയെ ഒരു മഹാസംഭവമായി പൊക്കിക്കൊണ്ട് നടക്കുന്നവരോട് സഹതാപമുണ്ട് എന്ന് മാത്രം പറയട്ടെ. "രംഗ് ദേ ബസന്തി"യുടെ സങ്കേതം കോപ്പി അടിച്ചത് കൊണ്ട് ഒരു മോശം തിരക്കഥ നല്ലതാകുമോ? എത്രയൊക്കെ ദൃശ്യവിസ്മയങ്ങള്‍ കാണിച്ചാലും അശ്രദ്ധമായ സംവിധാനത്തിന്‍റെ നിലവാരം കൂടുമോ? ഉവ്വ് എന്നാണ് നിങ്ങളുടെ ഉത്തരം എങ്കില്‍ പോയി കണ്ടോളൂ, ഈ "ഉറുമി" നിങ്ങള്‍ക്ക് ഇഷ്ടപ്പെടുക തന്നെ ചെയ്യും.

----------------------------------------------------------------------------------
*** UPDATE: 07 Apr 2011 ***
----------------------------------------------------------------------------------

"ചിത്രവിശേഷം" എന്ന സൈറ്റില്‍ ചലച്ചിത്രവിമര്‍ശനം എഴുതുന്ന ഹരിയുമായി ഉണ്ടായ ചര്‍ച്ചയില്‍ നിന്നും, ഈ റിവ്യൂവിനോട് ചില കാര്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട് എന്ന് തോന്നി. അവിടെ നിന്നും കോപ്പി ചെയ്ത കമന്‍റ് ത്രെഡ് ഇതാ (അപ്രസക്തങ്ങളായ കമന്‍റുകള്‍ ഒഴിവാക്കിയിരിക്കുന്നു):

----------------------------------------------------------------------------------

April 6, 2011 2:22:00 AM ആര്യന്‍ said...

ഈ ബ്ലോഗ്‌ വായിച്ചു തുടങ്ങിയതില്‍ പിന്നെ ആദ്യമായി, ഈ ഒരു സിനിമയുടെ കാര്യത്തില്‍, ഹരിയോട് ഞാന്‍ വിയോജിക്കുന്നു. ഒന്നാം പകുതി കഴിഞ്ഞപ്പോള്‍ ബോറടി കാരണം ഞാന്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു. ഞാന്‍ കണ്ടിടത്തോളം ഭാഗങ്ങള്‍ ഒരു "അന്തവും കുന്തവും" ഇല്ലാതെ എടുത്തു വെച്ചത് പോലെയാണ് എനിക്ക് തോന്നിയത്...

കാര്യകാരണങ്ങള്‍ സഹിതമുള്ള വിശദീകരണം ഇവിടെ.

----------------------------------------------------------------------------------

April 6, 2011 6:57:00 AM Haree said...

ആ പറഞ്ഞത് സ്പോയിലറെങ്കില്‍, അതില്‍ നായകനടനെ തന്നെയല്ലേ കുറ്റപ്പെടുത്തേണ്ടത്? പ്രിഥ്വി അങ്ങിനെപറഞ്ഞുവെന്ന് ഇവിടെ പറഞ്ഞത് ഒഴിവാക്കിയിട്ട് എന്തു കാര്യം?

എനിക്ക് ബോറടിയായി തോന്നിയില്ല. ആര്യന്‍ അവിടെ കാര്യകാരണങ്ങളോടെ പറഞ്ഞ പലതിനോടും യോജിക്കുവാന്‍ വയ്യ. ഒരു ഉദാഹരണം: "പിന്നെ കാണുന്നത് രാജാവും മന്ത്രിയും കൂടെ തടവുകാര്‍ക്ക് -- കേളു, വവ്വാലി -- ഊണ് വിളമ്പിക്കൊടുക്കുന്ന രംഗം." - തടവുകാര്‍ക്കല്ല ഊണ്‌ വിളമ്പുന്നത്. മകളെ രക്ഷിച്ച, ഗാമയോടും അറക്കല്‍ തറവാടിനോടും വിരോധമുള്ള (അങ്ങിനെയാണ്‌ രാജാവ് ധരിച്ചത്, അങ്ങിനെയല്ല എന്ന് അവര്‍ തിരുത്തുന്നുമില്ല), ഒരു യോദ്ധാവിനും കൂട്ടാളിക്കുമാണ്‌. ശത്രുവിന്റെ ശത്രു മിത്രം എന്ന ലോജിക്കില്‍ തന്റെ കൂടെ നിര്‍ത്തുക എന്നതാണ്‌ രാജാവിന്റെ ഉദ്ദേശം. അവിടെ അണിയറശില്‍പികള്‍ക്ക് തെറ്റിയിട്ടില്ല. തൂക്കുമരത്തിനടുത്തെ ആയിഷ പിന്നീട് കോട്ടാരത്തില്‍ പ്രത്യക്ഷപ്പെടുന്നതിലെ കണ്ടിന്യൂറ്റിയും മറ്റ് പ്രശ്നങ്ങളും(ഹസനെ രക്ഷിക്കുക എന്നതായിരുന്നു ആയിഷയുടെ ഉദ്ദേശം. അവിടെവന്ന് സംഭവങ്ങള്‍ വീക്ഷിച്ചപ്പോള്‍ നേരിട്ടെതിര്‍ക്കുക ബുദ്ധിയല്ലെന്ന് മനസിലായി. കൊല്ലുവാന്‍ നോക്കിയത് ആരാച്ചാരെയല്ല എസ്തലോയെ തന്നെ. അമ്പിന്‌ ലക്ഷ്യം തെറ്റിയപ്പോള്‍ എസ്തലോ ആയിഷയെ കണ്ടു, കേളുവും കണ്ടു. അങ്ങിനെയാണ്‌ ഇരുവരും കൊട്ടാരത്തില്‍ എത്തുന്നത്. എയ്യുന്നത് കൊട്ടാരത്തിലെ ഒരു ജാലകത്തിലൂടെയാണ്‌, ആ കെട്ടിടം ഇതിനോട് വളരെയടുത്താണ്‌ എന്ന സൂചനയും തരുന്നുണ്ട്.), സന്തോഷ് ശിവന്റെ ക്യാമറക്ക് വേണ്ടി പോസിംഗ് എന്ന ആരോപണം (അതിനപ്പുറം അവരുടെ നില അങ്ങിനെ പകര്‍ത്തുന്നതിലേക്ക് ക്യാമറ ചെന്നെത്തുകയാണ്‌.); ഇങ്ങിനെ പലതിലും ആര്യന്‍ കണ്ടതിന്റെ പ്രശ്നവുമുണ്ട്. സംഭാഷണത്തിലും ചില ഗാനങ്ങളിലും മറ്റുമുള്ള പ്രശ്നങ്ങള്‍ ഇവിടെ വിശേഷത്തിലും പറഞ്ഞിട്ടുണ്ട്.

ഏവരുടേയും അഭിപ്രായങ്ങള്‍ക്ക് നന്ദി. :)

----------------------------------------------------------------------------------

April 6, 2011 2:15:00 PM Arun Gopalakrishnan said...

@ ശ്രീമാന്‍ ആര്യന്‍, താങ്കള്‍ സ്വന്തം ബ്ലോഗില്‍ പ്രസിദ്ധീകരിച്ച റിവ്യൂവില്‍ നിന്നും താങ്കളുടെ രാഷ്ട്രീയം
വെളിവാകുന്നു . ഇതാ, ഈ വാചകങ്ങള്‍ ശ്രദ്ധിക്കൂ:
"ഏതായാലും ആ കാലത്തെ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന വിലക്കുകളും, വിശേഷിച്ചും ഉന്നതകുലജാതകള്‍ക്ക് ഭൂഷണമായി കരുതപ്പെട്ടിരുന്ന,
അന്തസ്സിന്‍റെ ഭാഗമായി അവര്‍ പാലിച്ചിരുന്ന സദാചാര മൂല്യങ്ങളും ഒക്കെ പരിഗണിക്കുമ്പോള്‍ ഇങ്ങനെ ഒരു രംഗം അങ്ങേയറ്റം അനുചിതം
എന്നേ പറഞ്ഞുകൂടാവൂ."
കേരളചരിത്രം അല്പമെങ്കിലും വായിച്ചെങ്കിലും അറിവുള്ള ഒരാളും പറയാന്‍ ഇടയില്ലാത്തത് ആണ്
ഈ വാചകങ്ങള്‍. അത് പോലെ തന്നെ, ഇദ്ദേഹം അറയ്ക്കല്‍ ബീബിയുറെയും മറ്റും കഥകള്‍ കേട്ടിട്ടില്ല എന്ന് തോന്നുന്നു.
സാമൂതിരി രാജാവ് അറബ് മുസ്ലീം വര്‍ത്തകരെ കോഴിക്കോട്ടു കൊണ്ടു വന്നു കുടി പാര്‍പ്പിക്കുകയും
ചില മുസ്ലിം പ്രമാണിമാര്‍ ഹിന്ദു പ്രഭുകുമാരിമാരെ വേള്‍ക്കുകയും ചെയ്തു എന്നത് ചരിത്രമാണ്.
(താങ്കള്‍ കരുതുന്നത് പോലെയുള്ള അസ്പൃശ്യത മഹമ്മദീയര്‍ക്ക് ഇല്ലായിരുന്നു എന്ന് തന്നെ.)

----------------------------------------------------------------------------------

April 7, 2011 3:13:00 AM ആര്യന്‍ said...

@ഹരി:

ഹരി പറഞ്ഞ കാര്യങ്ങള്‍ ആ രീതിയിലും ഞാന്‍ ചിന്തിക്കാതിരുന്നില്ല.

എത്ര വലിയ വീരനായാലും ഒരു രാജാവ് ഒപ്പം ഇരുത്തി അങ്ങ് ബഹുമാനിക്കും എന്ന് എനിക്ക് തോന്നിയില്ല. അന്നത്തെ കാലം, ആര്‍ക്കും നിശ്ചയം പോര. അത് പോട്ടെ എന്ന് വെക്കാം.

തൂക്കുസ്ഥലത്ത് നിന്നും ഉള്ള മാറ്റം: അത് ഹരി പറഞ്ഞതു പോലെ തന്നെ ആവാം ഉദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ അത് ദൃശ്യഭാഷയില്‍ പറയണ്ടേ? ആയിഷ കുതിരപ്പുറത്ത്‌ പാഞ്ഞു പോകുന്ന ഒരു ഷോട്ട് മതിയായിരുന്നല്ലോ. ഞാന്‍ ഒരു കഥ പറയുകയാണ്‌. "വീണു കിടന്ന വലിയഹസ്സനെ ആയിഷ പിടിച്ച് എഴുന്നേല്‍പ്പിച്ചു. അവള്‍ ജാലകത്തിലൂടെ ലക്ഷ്യം നോക്കി." -- ഇങ്ങനെ പറയുമോ? ഇതിനിടക്ക്‌ ആയിഷ എന്തിന്, എങ്ങനെ, കോട്ടയിലേക്ക് മടങ്ങി എന്ന് പറഞ്ഞില്ലെങ്കില്‍ അത് അസംബന്ധമാണ്. അത് തന്നെയാണ് സിനിമയില്‍ സംഭവിച്ചതും.

ആയിഷയെ ഗാമ കണ്ടോ എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല എന്ന് സമ്മതിക്കുന്നു. കണ്ടു എങ്കില്‍ ആ പോയിന്‍റും ശരിയാകും. എന്റെ റിവ്യൂവില്‍ ഇനി വരുന്നവര്‍ക്ക് കൺഫ്യൂഷന്‍ ഉണ്ടാകാത്ത വിധത്തില്‍ തിരുത്തുന്നതാണ്. തൂക്കുസ്ഥലത്ത് നേരിട്ടു ചെന്ന് കുഴപ്പം ഉണ്ടാക്കിയ കേളുവിനെ വിട്ട് ദൂരെയിരിക്കുന്ന ആയിഷയെ പിടിക്കാന്‍ അവര്‍ പോകുന്നതും, ഗാമയെ ആണ് ലക്ഷ്യം വെച്ചത് എന്ന് വരുമ്പോള്‍ ശരിയാകുന്നു. എന്നാല്‍ അവിടെയും മുന്‍പ്‌ പറഞ്ഞതു പോലെ ദൃശ്യഭാഷയുടെ പ്രയോഗം അപൂര്‍ണമായിരിക്കുന്നു. ഗാമയും പടയാളികളും കോട്ടയിലേക്ക് തിരിക്കുന്നത് കാണിക്കണ്ടേ? വേണ്ട എന്ന് സിനിമ ഇഷ്ടപ്പെട്ടവര്‍ വാദിച്ചേക്കാം. എന്നാല്‍ അത് സന്ദര്‍ഭത്തിന്‍റെ അവ്യക്തത കൂട്ടുകയാണ് ചെയ്യുന്നത് എന്നാണ് എന്‍റെ പക്ഷം. വലിയ ഹസ്സനും കേളുവും കൂടി ഒരു സംഘം പടയാളികളെ നേരിടുന്ന രംഗത്തിന് പിന്നാലെയാണ് ഈ രംഗം എന്നും ഓര്‍ക്കണം. അവിടെ കേളു പെട്ടെന്ന് കോട്ടയിലേക്ക് പോകാനുള്ള കാരണം വ്യക്തമാക്കിയേ തീരൂ.

ക്യാമറക്ക്‌ വേണ്ടി പോസ് ചെയ്യുന്നു എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു. പല ഷോട്ടുകളും ഏച്ചുകെട്ടിയത് പോലെ തോന്നും -- ആദ്യം ആക്ഷൻ, എന്നിട്ട് പിന്നെ വേറെ ഒരു ഷോട്ട് ആയിട്ടാണ് നായകന്റെയോ നായികയുടെയോ സ്റ്റൈലിലുള്ള നില്‍പ്പ് കാണിക്കുന്നത്. അത് ബോറല്ലേ? "അവരുടെ നില അങ്ങിനെ പകര്‍ത്തുന്നതിലേക്ക് ക്യാമറ ചെന്നെത്തുകയാണ്‌" എന്ന് എങ്ങനെ തോന്നും?

@അരുണ്‍:

ആദ്യമേ ഒരു കാര്യം പറയാന്‍ ഉള്ളത് -- എനിക്ക് ആരോടും ജാതി/മതം ഇവയുടെ പേരില്‍ വിരോധം ഇല്ല. ഇനി ഞാന്‍ പറയാന്‍ പോകുന്നതിനെ അങ്ങനെ വ്യാഖ്യാനിക്കരുത്. മുസ്ലിം വർത്തകര്‍ക്ക് അന്നത്തെ കാലത്ത് ഉണ്ടായിരുന്ന സ്ഥാനത്തെപ്പറ്റി ഒക്കെ എനിക്ക് അറിയാമായിരുന്നു. എന്നാല്‍! പ്രമാണികള്‍ക്ക് രാജാക്കന്മാരുമായി സഖ്യവും പ്രഭുപദവിയും ബഹുമാനവും ഒക്കെ കിട്ടിയിരുന്നു എങ്കിലും, സാധാരണക്കാരായ മുസ്ലീങ്ങള്‍ക്ക് അയിത്തം ബാധകമായിരുന്നു. അതും ചരിത്രമാണ്. അപകടത്തില്‍ നിന്ന് രക്ഷിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ഒരാളെ കിടക്കയിലേക്ക് ക്ഷണിക്കാന്‍ മാത്രം തറയാണോ ഒരു പ്രിന്‍സസ് എന്നാണ് താങ്കള്‍ ക്വോട്ട് ചെയ്ത വാക്യങ്ങളില്‍ ഞാന്‍ ഉദ്ദേശിച്ചത്. പിന്നെ വിവാഹത്തിന്‍റെ കാര്യം: ഏതു മതക്കാരനായാലും, പണവും പദവിയും ഇല്ലാത്ത ഒരുത്തനെ മകള്‍ സ്നേഹിക്കുന്നത് തന്തപ്പടിക്ക് ഇഷ്ടപ്പെടുമോ? ഇതൊക്കെയല്ലാതെ താങ്കള്‍ എന്‍റെ "രാഷ്ട്രീയം" എന്ന് ഉദ്ദേശിച്ച സാധനത്തിന് എന്‍റെ റിവ്യൂവുമായി ബന്ധമില്ല. (ഞാന്‍ ഒരു അബൂബക്കര്‍ അല്ല എന്ന്! എന്നാല്‍ ഈ സിനിമയെപ്പറ്റി അദ്ദേഹം എഴുതിയ റിവ്യൂ എന്‍റെ കാഴ്ചപ്പാടുകളുമായി വളരെയധികം യോജിക്കുകയും ചെയ്യുന്നു. "ട്രാഫിൿ"ന്‍റെ കാര്യത്തില്‍ നേരെ മറിച്ചാണെങ്കിലും.)

14 comments:

Ambily said...

my goodness !!!!!!!! ente athrem time poyenkilum.....really i njoyd it...(pinne cash mudakillathe film kandullo ;-)) wonderful!!! ithra bore aa film??? oh njan vicharichu entho valya film avumennu...bt Jagathy yude abhinayam ishtamallannu parayuna orale njan adhyamayi kanuva.... nywy i really njoyd dis post...kure chirichu......grt!!!!

ആര്യന്‍ said...

:) സിനിമ ഫയങ്കരമായിട്ട് ഇഷ്ടപ്പെട്ടവരും ഉണ്ട് കേട്ടോ... Thx for the comment...

വിന്‍സ് said...

/സാധാരണ ജഗതിയുടെ അഭിനയം എനിക്ക് അത്ര ഇഷ്ടപ്പെടാറില്ല. പുള്ളിക്കാരന്റെ ഡയലോഗ് ഡെലിവറിയില്‍ എപ്പോഴും ഒരു കൃത്രിമത്വം ഉണ്ട് എന്നതാണ് കാരണം/

തന്റെ തലക്കെന്തോ കുഴപ്പം ഉണ്ട്. താന്‍ സിനിമ കാണല്‍ നിര്‍ത്തി സന്യസിക്കാന്‍ പോ!

Rakesh | രാകേഷ് said...

താങ്കൾ മലയാള സിനിമ കാണാറില്ലേ!!
ഉണ്ടെങ്കിൽ ഇഷ്ടപ്പെട്ട ഏതെങ്കിലും സിനിമയുണ്ടോ എന്നറിഞ്ഞാൽകൊള്ളാം.

ഇതൊരു മഹത്തായ സൃഷ്ടിയാണെന്ന് എനിക്കഭിപ്രായമില്ല. പക്ഷെ പകുതിക്ക് ഇറങ്ങിപ്പോരേണ്ട ഗതികേട് ഇല്ല എന്നുതന്നെയാണെന്റെ അഭിപ്രായം.

nikhimenon said...

aryan.......

after reading the whole thing,yu have written,
i think you are not used to watching malayalam movies..most of what yu are trying to say are just stupid observations....

ദീപു മേലാറ്റൂര്‍ said...

സാധാരണ ജഗതിയുടെ അഭിനയം എനിക്ക് അത്ര ഇഷ്ടപ്പെടാറില്ല. പുള്ളിക്കാരന്റെ ഡയലോഗ് ഡെലിവറിയില്‍ എപ്പോഴും ഒരു കൃത്രിമത്വം ഉണ്ട് എന്നതാണ് കാരണം/

തന്റെ തലക്കെന്തോ കുഴപ്പം ഉണ്ട്. താന്‍ സിനിമ കാണല്‍ നിര്‍ത്തി സന്യസിക്കാന്‍ പോ!
Courtesy VINS -

Ambily said...

" സിനിമ ഫയങ്കരമായിട്ട് ഇഷ്ടപ്പെട്ടവരും ഉണ്ട് കേട്ടോ"
mmmm.... atheniku manasilayi wen i read those comments which u gt....n today i gt a scrap too frm ma frnd as below...

""saw d movie urumi..awesome!!!!!""

SMASH said...

ഇതില്‍ നന്നായെന്നു പറയാനുള്ളത്‌ ആകെ ഗ്രാഫിക്സ് ആണ്. പായ്ക്കപ്പലുകളും പീരങ്കിവെടി പൊട്ടിക്കലും ഒക്കെ ഗംഭീരമായി. പക്ഷെ സംഭാഷണം അരോചകം! തനി ബാലെ! ഫൈറ്റ് സീനുകള്‍ സ്ലോമോഷനും ഒരുവക പശ്ചാത്തല സംഗീതവും കൊടുത്ത്‌ പരമാവധി നശിപ്പിച്ചിട്ടുണ്ട്. പീസ് കാണിക്കാന്‍ വേണ്ടി മാത്രം അവതരിപ്പിച്ച പോലുള്ള സ്ത്രീ കഥാപാത്രങ്ങള്‍!

ഈ റിവ്യൂവിനെ വിമര്‍ശിക്കുന്നവര്‍ അത് ആര്യന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ആയിരുന്നെങ്കില്‍ ഉപകാരമായേനെ!

Balu..,..ബാലു said...

സുഹൃത്തേ, പടം തുടങ്ങി ഏതാണ്ട് അര മണിക്കൂറോളം കഴിഞ്ഞ് തീയറ്ററില്‍ കയറി, ഇന്റര്‍വല്‍ ആയപ്പോള്‍ ഇറങ്ങിയെന്നും പറയുന്നു. സ്വന്തമായി ബ്ലോഗ് ഉള്ളത് കൊണ്ട് അഭിപ്രായവും എഴുതി അല്ലേ?? നന്നായി! :P

ആര്യന്‍ said...

ഇപ്പോഴൊക്കെ ബ്ലോഗിങ്ങിന്‍റെ ലക്‌ഷ്യം തന്നെ മാക്സിമം ആളുകളെക്കൊണ്ട് തെറി പറയിക്കുക എന്നതാണല്ലോ. 5/8 -- കൊള്ളാം, വല്യ തരക്കേടില്ലാത്ത സ്കോര്‍ തന്നെ!

ശ്രീ said...

കാണണമെന്നുണ്ടായിരുന്നു.

രണ്ടഭിപ്രായവും കേള്‍ക്കുന്ന കാരണം കണ്‍ഫ്യൂഷനായി

കാശിനാഥന്‍ said...

ഞാനും ഇന്‍റര്‍വെല്‍ വരെയേ ഈ സിനിമ കണ്ടുള്ളൂ. പക്ഷെ ചേട്ടന്‍ പറയുന്ന പോലെ ഓരോ ഷോട്ടും വിശദമായി എടുക്കാന്‍ നിന്നാല്‍ അഞ്ചു മണിക്കൂര്‍ ഉള്ള സിനിമ കാണിക്കേണ്ടി വരും. താങ്കളുടെ റിവ്യുയില്‍ പറയുന്നത് കേട്ടാല്‍ മിക്ക സീനുകളിലും താങ്കള്‍ ഉറങ്ങിപ്പോയോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇന്‍റര്‍വെല്‍ വരെ കണ്ടപ്പോള്‍ എന്തൊക്കെയോ രീതിയില്‍ മടുപ്പ് തോന്നിയതുകൊണ്ടാണ് ഞാന്‍ ഇറങ്ങിപ്പോയത്.

ബെഞ്ചാലി said...

:) well written..

ജോസ്‌മോന്‍ വാഴയില്‍ said...

ആര്യാ... ഇയാളാരാ....??? ഹെന്റമ്മെ സമ്മതിക്കണം...!!!

തുടക്കം മുതലൊട്ട് കണ്ടില്ലാന്ന് മാത്രമല്ലാ... ഇടവേളയിലിറങ്ങി പോരുവേം ചെയ്തു... എന്നിട്ടെങ്ങനെ ഇത്രേം ഭയങ്കരമായ റിവ്യൂ എഴുതീന്നാ മനസിലാവാത്തത്.

പിന്നെ ജഗതിയെക്കുറിച്ച് പറഞ്ഞത്... അത് ആര്യന്റെ മറ്റൊരു “സംഭവം“ അഭിപ്രായമാണ്. മമ്മൂട്ടിക്ക് അഭിനയത്തിൽ മെയ്‌വഴക്കം കുറവാണെന്നോ മറ്റോ ഒരിക്കൽ തിലകൻ പറഞ്ഞു കേട്ടിട്ടുണ്ട്... പക്ഷെ ആരും ഇന്നെവരെ ജഗതിയേക്കുറിച്ച് അഭിനയം പോരാ എന്ന് പറഞ്ഞ് കേട്ടിട്ടില്ലാ..!!!

ഒരു ചോദ്യം ഇയാൾക്കിഷ്ടപ്പെട്ട ഒരു നല്ല സിനിമയെന്ന് വിധിയെഴുതാൻ തോന്നിയിട്ടുള്ള ഒരു സിനിമയുടെ പേരു പറയാമോ...??? ഒന്നറിയാനാ...!!

ഉറുമി ഞാനും കണ്ടു... ഒരു നല്ല സിനിമ... പത്തിൽ പത്തൊന്നും കൊടുക്കാൻ ഇല്ലായെങ്കിലും 6-7 മാർക്ക് കൊടുക്കാവുന്ന ഒരു നല്ല സിനിമ.