Sunday, October 3, 2010

എന്തിരന്‍... റിവ്യൂ

തീര്‍പ്പ്‌: ഭേദപ്പെട്ട ഒരു "തട്ടുപൊളിപ്പന്‍" ചിത്രം!

തട്ടുപൊളിപ്പന്‍ എന്ന്‌ പറഞ്ഞാല്‍ മോശം സാധനം എന്നല്ല, കേട്ടോ. ചില ബി-ഗ്രേഡ്‌ സിനിമകള്‍ കണ്ടിട്ടില്ലേ: അവയില്‍ മിക്കവാറും predictable ആയ അല്ലെങ്കില്‍ cliched ആയ സന്ദര്‍ഭങ്ങള്‍, സംഭാഷണങ്ങള്‍, ഒക്കെ ആയിരിക്കും ഉണ്ടാവുക - സിനിമയുടെ പല ഭാഗങ്ങളും "ഇപ്പം ചളമാക്കും" എന്ന്‌ നമ്മള്‍ പ്രതീക്ഷിക്കും; എന്നാല്‍, അവിടം നാം ഉദ്ദേശിച്ചതു പോലെ ചളമാക്കാതെയോ ചിലപ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നല്ലതാക്കിയോ ചിത്രം പ്രേക്ഷകരെ impress ചെയ്യിക്കും. അങ്ങനെ ഒടുവില്‍ ഒരു "തരക്കേടില്ലാത്ത" സിനിമ കണ്ടു എന്ന illusion അത്‌ നമ്മളില്‍ ഉണ്ടാക്കിക്കളയും. ങാ, ആ വകുപ്പില്‍ പെടും ഇന്‍ഡ്യയില്‍ ഇന്നു വരെ നിര്‍മ്മിക്കപ്പെട്ടവയില്‍ വെച്ച്‌ ഏറ്റവും ചെലവേറിയ, ശങ്കര്‍-രജ്നി-ഐശ്വര്യ ടീമിന്‍റെ ഈ "യന്ത്രമനുഷ്യ"നും.

"അപ്പോള്‍ എന്തൊക്കെയോ കുഴപ്പങ്ങള്‍ ഉണ്ട്‌, അല്ലേ... ?"

അതെ. എന്നാല്‍ കുഴപ്പങ്ങള്‍ രണ്ടാമത്‌ നില്‍ക്കട്ടെ. ആദ്യം ചിത്രത്തില്‍ നല്ലത്‌ എന്തൊക്കെയുണ്ട്‌ എന്ന്‌ പറയാം.

1. രജനീകാന്ത്‌ - (നിര്‍ത്തിയിട്ട്‌ പോകാന്‍ വരട്ടെ!) "സ്റ്റൈല്‍" എന്ന പേരില്‍ സാധാരണ കാണിക്കാറുള്ള ഗോഷ്ഠികള്‍ ഇല്ല. പഞ്ച്‌ ഡയലോഗുകള്‍ ഇല്ല. എന്തിന്‌, രാമാനന്ദ്‌ സാഗര്‍ സീരിയലിലെ അസുരന്‍മാരുടേത്‌ പോലെയുള്ള "ആഹാഹാഹഹഹ്ഹഹാ" എന്നുള്ള ആ തൊള്ള തുറന്നുള്ള അട്ടഹാസം പോലും സിനിമയില്‍ ഒരു തവണയേ വരുന്നുള്ളൂ. അതു കൂടാതെ, റോബോട്ട്‌ ആയി വരുന്ന രംഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന വളരെ controlled ആയ അഭിനയവും. (വസീഗരന്‍ മോശമാണെന്നല്ല, കേട്ടോ - എന്നാല്‍ റോബോട്ടിനാണ്‌ കൂടുതല്‍ effort വേണ്ടത്‌. അത്‌ രജ്നി കൊടുത്തിട്ടും ഉണ്ട്‌.) പിന്നെ അണ്ണനെ ഇത്രയും സുന്ദരനായി ആയി വേരെ ഒരു സിനിമയിലും കണ്ടിട്ടേ ഇല്ല എന്നതാണ്‌ സത്യം. ചില രംഗങ്ങളില്‍ ഐശ്വര്യക്ക്‌ രജ്നിയെക്കാള്‍ പ്രായം തോന്നിക്കും ("കാതല്‍ അണുക്കള്‍..." എന്ന പാട്ട്‌ വരുമ്പോള്‍ ശ്രദ്ധിക്കുക!) എന്ന്‌ പറഞ്ഞാല്‍ കഴിഞ്ഞല്ലോ.

2. ഐശ്വര്യാ റായ്‌ ബച്ചന്‍ - ഇപ്പോഴും ഐശ്വര്യ തന്നെയാണ്‌ നമ്മുടെ മിസ്സ്‌ യൂണിവേഴ്സ്‌ എന്ന്‌ പറഞ്ഞാല്‍ തെറ്റുണ്ടോ? സുന്ദരിയായിരിക്കുക എന്നജോലി മാത്രമേ സിനിമയില്‍ മാഡത്തിന്‌ പ്രധാനമായും ചെയ്യാനുള്ളൂ എന്നുള്ളത്‌ വേറൊരു കാര്യം. എന്നാല്‍, അഭിനയിക്കേണ്ടി വരുന്ന സീനുകളിലും ചേച്ചി ഒട്ടും മോശമല്ല താനും. ("ഇരുമ്പിലേ ഒരു ഇദയം" എന്ന ഗാനരംഗത്തിലെ ഐശ്വര്യയുടെ "റോബോ-ഗേള്‍" ലുക്ക്‌ ജോറാണ്‌ കെട്ടാ... )

3. സ്പെഷ്യല്‍ ഇഫക്റ്റ്സ്‌ - ലവനല്ലേ താരം! ചില സ്ഥലങ്ങളില്‍ അത്രക്കങ്ങട്‌ ക്ളച്ച്‌ പിടിക്കണില്യാന്ന്‍‌ച്ചാലും (ഉദാ: ചിറ്റി പ്രസവം എടുക്കുമ്പോള്‍ കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക്‌ പ്രക്ഷേപണം ചെയ്യുന്ന ഗര്‍ഭസ്ഥശിശുവിന്‍റെ വീഡിയോ; ക്ളൈമാക്സിലെ ചില ഭാഗങ്ങള്‍), സംഗതികളൊക്കെ പൊതുവേ "ക്ഷ" തന്ന്യാണ്‌ട്ടോ. ഗ്രാഫിക്സിനെപ്പറ്റി കൂടുതല്‍ ഒന്നും പറയുന്നില്ല, ഒക്കെ കണ്ട്‌ തന്നെ അറിയുക. ഇതിനോടകം പ്രശസ്തി നേടിക്കഴിഞ്ഞ മലയാളിയായ സാബു സിറിലിന്‍റെ കലാസംവിധാനവും ജോര്‍.

പിന്നെ റഹ്‌മാന്‍റെ കിടിലന്‍ പാട്ടുകള്‍, ശങ്കറിന്‍റെ സംവിധാനം. കഴിഞ്ഞു!

ഇനി നമുക്ക്‌ ശങ്കറിന്‍റെ ഈ യന്ത്രമനുഷ്യനില്‍ എന്തൊക്കെ "ബഗ്സ്‌" ഉണ്ടെന്ന്‌ നോക്കാം.

ഇത്‌ ഒരു തട്ടുപൊളിപ്പന്‍ സിനിമ ആണെന്ന്‌ തുടക്കത്തിലേ പറഞ്ഞു. നല്ല ഒരു കഥ എന്നത്‌ ശങ്കറിന്‌ ഉണ്ടാക്കാന്‍ വളരെ പ്രയാസമുള്ള ഒന്നാണ്‌ എന്ന്‌ നമ്മള്‍ വീണ്ടും കാണുകയാണ്‌ ഇവിടെ. പല സന്ദര്‍ഭങ്ങളും convincing അല്ല. ഡാനി ഡെന്‍സോങ്പാ (December 16 എന്ന ഹിന്ദി സിനിമ കണ്ടിട്ടുണ്ടോ, ആരെങ്കിലും?) അവതരിപ്പിക്കുന്ന പ്രൊഫസര്‍ ബോറാ (ആശാന്‍റെ പ്രകടനം ഒട്ടും ബോറല്ല, കേട്ടോ) എന്ന കഥാപാത്രം വസീഗരന്‍റെ proposal തള്ളിക്കളയാന്‍ പറയുന്ന കാരണം വളരെ ബാലിശം. അത്‌ കേള്‍ക്കേണ്ട താമസം, മറുത്തൊരക്ഷരം പറയാതെ പെട്ടിയും എടുത്ത്‌ സ്ഥലം വിടുന്ന കുറേ മ.ബു. സയന്‍റിസ്റ്റുകളും. അത്‌ പോലെ, തീയില്‍ പെട്ട്‌ മരിക്കാന്‍ പോകുന്ന ആള്‍ക്ക്‌ നഗ്നത മറയ്ക്കുന്നതായിരിക്കുമോ അതോ ജീവന്‍ രക്ഷിക്കുന്നതായിരിക്കുമോ പ്രധാനം? കുറച്ചു കൂടി sensible ആയ ഒരു സന്ദര്‍ഭം ഉണ്ടാക്കാന്‍ ശങ്കറിന്‌ സമയം കിട്ടാഞ്ഞതാണോ, അതോ പ്രേക്ഷകരുടെ ബുദ്ധിനിലവാരത്തെ കുറച്ച്‌ കണ്ടതാണോ? ഇനിയുമുണ്ട്‌ ഇത്തരം സാധനങ്ങള്‍:

1. ചിറ്റി ഓരോന്ന്‌ ചെയ്യുമ്പോഴും സ്ക്രീനില്‍ തെളിയുന്ന, അതു പോലെ മറ്റ്‌ പല അവസരങ്ങളിലും - എന്താണ്‌ സംഭവിക്കുന്നതെന്ന്‌ പ്രേക്ഷകരെ മനസ്സിലാക്കിക്കാന്‍ വേണ്ടി - യന്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന, "സ്റ്റാറ്റസ്‌ മെസ്സേജു"കള്‍. ഇത്‌ എത്ര ബാലിശമാണെന്ന്‌ പറയാന്‍ എനിക്ക്‌ വാക്കുകള്‍ ഇല്ല. ഹോളിവുഡ്‌ ക്ളാസ്‌ സിനിമയാണത്രേ, ഹോളിവുഡ്‌. ഇതാ ചില ഉദാഹരണങ്ങള്‍. ഹോളിവുഡിലെ ഏറ്റവും കൂതറ സംവിധായകന്‍ പോലും ഇവ കണ്ടാല്‍ കളിയാക്കി ചിരിക്കും:

Driving Mode

Magnet Mode

Mosquito Mode (WTF? എന്ന്‌ ചോദിക്കണ്ട, അതിന്‍റെ കഥ പിന്നാലെ വരുന്നുണ്ട്‌!)

Uploading Worm... (ചിറ്റിയുടെ നെറ്റ്‌വര്‍ക്കില്‍ കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമത്തിനിടയില്‍ വസീഗരന്‍റെ കമ്പ്യൂട്ടറിന്‍റെ മോണിട്ടറില്‍ തെളിയുന്നത്‌. )

Worm Uploaded

Deworming... (ഇത്‌ ചിറ്റിയുടെ മറ്റൊരു internal feedback. Terminator-ല്‍ നിന്നാവും വസീഗരന്‌ ഈ ഐഡിയ കിട്ടിയത്‌. ഇതില്ലെങ്കില്‍ തന്‍റെ പ്രോസസ്സര്‍ ഇപ്പോള്‍ എന്താണ്‌ ചെയ്യുന്നതെന്ന്‌ അറിയാതെ പാവം ചിറ്റി ചുറ്റിപ്പോയേനെ!)

Select All Robots (ചിറ്റിയെ പിടികൂടിക്കഴിഞ്ഞ്‌ robot army-യെ deactivate ചെയ്യാന്‍ വസീഗരന്‍ ശ്രമിക്കുന്നു. ചിറ്റിയുടെ വയറ്റിലുള്ള ഒരു control panel തുറക്കുമ്പോള്‍ അതിന്‍റെ മോണിറ്ററില്‍ തെളിയുന്ന സന്ദേശം. എല്ലാ evil robots-ഉം ഇത്രയും user friendly ആയിരിക്കുമോ ആവോ?)

2. ചിറ്റി കൊതുകിനെ പിടിക്കാന്‍ പോകുന്ന scene: WTF?

3. ശിവജി ഇഴയുന്നു, എന്തിരന്‍ പായുന്നു: ശിവജി എന്ന ചിത്രത്തിന്‍റെ രണ്ടാമത്തെ ഏറ്റവും വലിയ കുഴപ്പം (ഒന്നാമത്തേത്‌ കഥയില്ലായ്മ) അതിന്‍റെ speed ആയിരുന്നു. വെറുതെ ഇട്ട്‌ വലിച്ച്‌ നീട്ടി മനുഷ്യനെ ബോറടിപ്പിച്ച്‌... ഇവിടെ എന്തിരനില്‍ സംഭവിക്കുന്നത്‌ അതിന്‍റെ നേരെ വിപരീതമാണ്‌. പല ഭാഗങ്ങള്‍ക്കും - വിശേഷിച്ചും, റോബോട്ടിനെ നിര്‍മ്മിക്കുന്നതും നശിപ്പിക്കുന്നതും - വേഗം ആവശ്യത്തിലും കൂടിപ്പോയിട്ടില്ലേ എന്ന്‌ തോന്നും. സിനിമയിലെ വളരെ പ്രധാനപ്പെട്ട രണ്ട്‌ സംഭവങ്ങളായ ഇവക്ക്‌ കുറച്ച്‌ കൂടുതല്‍ സമയം വേണ്ടിയിരുന്നു. സന്ദര്‍ഭവുമായി ഇഴുകിച്ചേരാന്‍ പ്രേക്ഷകര്‍ക്ക്‌ സമയം കൊടുത്തെങ്കിലേ അവക്ക്‌ സംവിധായകന്‍ ഉദ്ദേശിക്കുന്ന - അല്ലെങ്കില്‍ പ്രേക്ഷകര്‍ സിനിമയില്‍ നിന്നും പ്രതീക്ഷിക്കുന്ന - ആ ഒരു impact ഉണ്ടാവുകയുള്ളൂ എന്നാണ്‌ ഞാന്‍ കരുതുന്നത്.

4. ചിറ്റി വെര്‍ഷന്‍ 2.0-യുടെ രൂപം. ദാ, കണ്ടില്ലേ:

Chitti V2.0

ശരിക്കും? രജനീകാന്തിനെ ഇത്രയും വൃത്തികെട്ട ഒരു കോലത്തില്‍ വേറെ ഏതെങ്കിലും സിനിമയില്‍ കണ്ടിട്ടുണ്ടോ? ഈ വേഷം വിക്രമിനോ മറ്റോ ആയിരുന്നെങ്കില്‍ ചേര്‍ന്നേനെ; രജ്നിക്ക്‌ ഇല്ല. ശരിക്കും, ഇതിനേക്കാള്‍ നല്ല ഏതെല്ലാം രീതിയില്‍ രജ്നിയുടെ appearance മാറ്റാമായിരുന്നു. ഇത്‌ മെനകേടാണെന്ന്‌ പറയാന്‍ സെറ്റില്‍ ആര്‍ക്കും ധൈര്യം ഇല്ലാതെ പോയോ? അതോ, വില്ലന്‍ ആയതു കൊണ്ട്‌ ഇത്തിരി കൂതറ ലുക്ക്‌ ആയിക്കോട്ടെ എന്ന്‌ സംവിധായകന്‍ കരുതിയോ? എന്തായാലും ഇത്‌ വേണ്ടായിരുന്നു, എന്‍റെ ശങ്കരേട്ടാ! ദയവ്‌ ചെയ്ത്‌ ഇമ്മാതിരി കോ...ത്താഴത്തെ പണി മേലാല്‍ ഒരു actor-നിട്ടും ചെയ്തേക്കല്ലേ...

5. Dismantle ചെയ്യപ്പെട്ടിട്ട്‌ ഇരുപത്‌ വര്‍ഷം കഴിഞ്ഞും ചിറ്റി തന്നെയാണോ ലോകത്തിലെ ഏറ്റവും advanced ആയ humaniod റോബോട്ട്‌? അതെന്താ, വസീഗരന്‍റെ അത്രയും ബുദ്ധി ഉള്ള വേറെ ഒരാളും ഭൂമിയില്‍ ഉണ്ടായില്ലേ?

അങ്ങനെയങ്ങനെ, പറഞ്ഞ്‌ പോകാനാണെങ്കില്‍ കുറവുകള്‍ ഏറെയുണ്ട്‌ എന്തിരന്‌. എന്നാല്‍, തുടക്കത്തില്‍ പറഞ്ഞത്‌ പോലെ, ചളമാക്കാമായിരുന്ന പലതും അങ്ങനെയാക്കാതെ രക്ഷിച്ചിട്ടുണ്ട്‌ ശങ്കര്‍. അദ്ഭുത കഴിവുകള്‍ ഉള്ള ഒരു യന്ത്രമനുഷ്യന്‍ മനുഷ്യരുമായി ഇടപഴകി അവരുടെ ജീവിതത്തിന്‍റെ ഒരു ഭാഗമായിത്തീരുന്ന situation പുതുമയുള്ള ഒന്നാണ്‌. അത്‌ വളരെ നന്നായി തന്നെ ശങ്കര്‍ എടുത്തിട്ടുണ്ട്‌. അതു പോലെ, ഗാനരംഗങ്ങളിലും ശങ്കറിന്‍റെ പ്രാഗത്ഭ്യം നമുക്ക്‌ കാണാം. ("കൂട്ടം കൂട്ടം പാര്‌... ഉന്‍ ഓട്ടോഗ്രാഫുക്കാ..." എന്ന line-നോടൊപ്പം കാണിക്കുന്ന shot ശ്രദ്ധിച്ചാല്‍ മതി, ശങ്കറിനെ ഈ പണി ആരും പഠിപ്പിക്കേണ്ടതില്ല എന്ന്‌ മനസ്സിലാക്കാന്‍.) എന്നാല്‍, ഗാനരംഗങ്ങളിലെ choreography അത്ര പോരാ എന്ന്‌ പലയിടത്തും തോന്നുകയും ചെയ്യും. "Boom... Boom... Robo Da..." എന്ന പാട്ടിന്‍റെ energy നൃത്തച്ചുവടുകളില്‍ ഇല്ല. മറ്റ്‌ പാട്ടുകളിലും robot വേഷം കെട്ടി വരുന്ന dancers-ന്‍റെ ചലനങ്ങള്‍ perfect sync-ല്‍ ആണെന്ന്‌ പറഞ്ഞു കൂടാ.

പ്ളസ്‌ പോയിന്‍റുകളും മൈനസ്‌ പോയിന്‍റുകളും എല്ലാം കണക്കിലെടുത്ത്‌ ഞാന്‍ ഈ ചിത്രത്തിന്‌ ഒരു 3.5/5 റേറ്റിങ്ങ്‌ കൊടുക്കും. മണിരത്നത്തിന്‍റെ "രാവണന്‍" ഞാന്‍ കണ്ടിരുന്നു. ഒരു കാരണവശാലും എന്‍റെ ശത്രുക്കളോട്‌ പോലും പോയി കാണാന്‍ ഞാന്‍ പറയില്ലാത്ത ഒരു പാതി വെന്ത (അതോ കാല്‍ ഭാഗം വെന്തതോ?) പ്രൊഡക്റ്റ്‌ ആയിരുന്നു ആ സിനിമ. എന്നാല്‍, "എന്തിരന്‍" ഏകദേശം ഒരു 80-85% ഒക്കെ ഒത്തിട്ടുണ്ട്‌ എന്ന്‌ പറയാം. പിന്നെ, "perfect" എന്ന്‌ പറയാനാവില്ലെങ്കിലും ഒരു സയന്‍സ്‌ ഫിക്‌ഷന്‍ സിനിമക്ക്‌ വേണ്ട ലക്ഷണങ്ങള്‍ എല്ലാം തികഞ്ഞ ആദ്യത്തെ ഇന്‍ഡ്യന്‍ സിനിമ ആയതു കൊണ്ടും, പിന്നെ ഈ പോസ്റ്റില്‍ പറഞ്ഞ മറ്റ്‌ അനുകൂലമായ കാരണങ്ങള്‍ കൊണ്ടും, ഇത്‌ അങ്ങനെ അങ്ങ്‌ മിസ്സ്‌ ചെയ്യാന്‍ പാടില്ലാത്ത ഒരു ചിത്രമാണ്‌ എന്നാണ്‌ ചലച്ചിത്രപ്രേമികളോട്‌ എനിക്ക്‌ പറയാനുള്ളത്‌.

2 comments:

SMASH said...

Deworming... (ഇത്‌ ചിറ്റിയുടെ മറ്റൊരു internal feedback. Terminator-ല്‍ നിന്നാവും വസീഗരന്‌ ഈ ഐഡിയ കിട്ടിയത്‌. ഇതില്ലെങ്കില്‍ തന്‍റെ പ്രോസസ്സര്‍ ഇപ്പോള്‍ എന്താണ്‌ ചെയ്യുന്നതെന്ന്‌ അറിയാതെ പാവം ചിറ്റി ചുറ്റിപ്പോയേനെ!)

ഹഹ..
..കാമറൂണിന് അന്ന്‍ പറ്റിയ ഒരു മണ്ടത്തരമായിരുന്നു ടെര്‍മിനെടരിലെ ആ സാദനം. അന്നേ അതെനിക്കു കല്ലുകടിയായി തോന്നിയതാ! മൂന്നാമത്തെ പടത്തില്‍ അത് ഒഴിവാക്കിയിട്ടുണ്ടായിരുന്നു.

ആര്യന്‍ said...

ഉം... പക്ഷെ ഈ പടം കണ്ടപ്പഴാ ഞാന്‍ ടെര്മിനെറ്ററിലെ സീനും അബദ്ധം ആണല്ലോ എന്നോര്‍ത്തത്...!