എത്രയും പ്രിയപ്പെട്ട ഡോക്ടറ് മനശ്ശാസ്ത്രജ്ഞന്,
ഒടുക്കത്തെ മനപ്രയാസത്തോടെയാ ഡോക്ടറേ ഞാന്‍ ഈ കത്തെഴുതുന്നത്. എന്‍റെ ഈ നീറുന്ന പ്രശ്നത്തിന് ഒരു പരിഹാരവൊണ്ടാക്കാന്‍ ഡോക്ടര്‍ക്ക് പറ്റും, ഡോക്ടര്‍ക്കല്ലാതെ വേറാര്‍ക്കും പറ്റത്തില്ലെന്നൊറപ്പൊള്ള കൊണ്ടാ ഞാനിതെഴുതുന്നത്. ഡോക്ടറ് ദയവു ചെയ്ത് എന്നെ കൈവിടരുത്.
എനിക്കൊരൊറ്റക്കാര്യം മാത്രം അറിഞ്ഞാ മതി ഡോക്ടറേ - ജോണിക്കുട്ടീം എല്‍സമ്മേം ഒന്നിക്കുവോ?
ഏതു ജോണിക്കുട്ടി, ഏത് എല്‍സമ്മ എന്നൊക്കെയായിരിക്കും ഡോക്ടറ് വിചാരിക്കുന്നത് അല്ല്യോ? ഡോക്ടറ് തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി ഏഴ് മുപ്പതിന് വേശ്യാനൈറ്റില്‍ സംപ്രേഷണം ചെയ്യുന്ന സ്നേഹമാല്യം സീരിയല് കാണാറില്ലായിരിക്കും, എനിക്കറിയാം. അല്ലേലും എന്‍റെ ഡോക്ടറേ, കാലത്തെ ഒമ്പതുമണി തൊടങ്ങി വയ്യിട്ട് അഞ്ചുമണി വരെ ഗവണ്മെന്‍റാശുപത്രീലെ ജോലീം, പിന്നെ ആറുമണി തൊട്ട് പത്തുമണി വരെ പ്രൈവറ്റ് പ്രാക്ടീസും, പിന്നെ അതും പോരാഞ്ഞ് വാരികേലെ എഴുത്തിനെല്ലാം മറുപടിയെഴുതാനും നടക്കുന്നേന്‍റെടക്ക് ഈ സീരിയല് കാണാനൊക്കെ ഡോക്ടര്‍ക്ക് എവിടുന്നാ നേരം കിട്ടുന്നതല്ല്യോ?
എന്‍റെ ഡോക്ടറേ, വരുന്ന പതിന്നാലാം തീയതി സീരിയല് തീരാമ്പോണെന്ന് എഴുതിക്കാണിച്ചേപ്പിന്നെയാ എനിക്കീ ആധി കേറിയത്. പതിന്നാലെന്നു പറയുമ്പം ഇനി മൂന്നാഴ്ചയല്ലിയോ ഉള്ളൂ? അത്രേം നാളും ഞാന്‍ ഈ തീയും തിന്നോണ്ട് എങ്ങനെ നടക്കും? അല്ല, ഡോക്ടറു തന്നെ പറ. ആ ജോണീം എല്‍സമ്മേം കൂടെ പ്രേമിച്ച് കല്യാണോം കഴിച്ച് പത്തു പന്ത്രണ്ടു പിള്ളാരും, റബ്ബര്‍ക്കൃഷീം, പള്ളീല്‍ പോക്കും ഒക്കെക്കൂടെയായിട്ടങ്ങനെ മനസ്സമാധാനത്തോട് കൂടി ജീവിക്കണ്ടവരല്ലിയോ? അതിന്‍റെടേലല്ലിയോ പണ്ടാരടങ്ങാനായിട്ട്, വഴിവക്കത്തിരുന്നു മുള്ളുന്നേന്‍റെടക്ക് അവറാച്ചന്‍ മൊതലാളീടെ ടിപ്പറ് ലോറി വന്നിടിച്ച് ജോണിക്കുട്ടീടെ അരക്ക് കീഴ്പ്പോട്ട് തളന്നു പോയത്! അല്ല, ആ അവറാച്ചന്‍ ആളൊരു കോഴിയാണന്നും എല്‍സമ്മയെ വളച്ചെടുക്കുന്നേന് തടസ്സം നിന്ന ജോണിക്കുട്ടിയെ മനപ്പൂര്‍വ്വം കൊല്ലാന്‍ ശ്രമിച്ചതാണെന്നും നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാവേ - എന്നാലും, പോലീസും രാഷ്ട്രീയക്കാരും എല്ലാം അങ്ങേരുടെ പോക്കറ്റിലല്ല്യോ? അതും കൊണ്ടെന്നായി? എല്‍സമ്മേ അവടെ വീട്ടുകാര് വേറൊരു പണക്കാരന്‍റെ മോനു പിടിച്ചങ്ങ് കെട്ടിച്ചു കൊടുത്തു. എന്നിട്ടും തീര്‍ന്നോ, ദുരിതം? എല്‍സമ്മേടെ കെട്ടിയോന്‍റെ സ്വത്തു തട്ടിയെടുക്കാന്‍ വേണ്ടീട്ട് അവടെ നാത്തൂന്‍മാരടെ കെട്ടിയോന്‍മാര് തന്നെ അയാളെ പാറമടേലിട്ട് ജീപ്പ് കേറ്റിക്കൊന്നിട്ട്, പാറ പൊട്ടിച്ചപ്പം കരിങ്കല്‍ച്ചീള് തെറിച്ച് തലേല്‍ കൊണ്ട് മരിച്ചതാണെന്ന് വരുത്തീം തീര്‍ത്തില്ല്യോ? എന്നിട്ടോ, എന്‍റെ കര്‍ത്താവേ, അവടെ കണ്ണിച്ചോരയില്ലാത്ത പണ്ടാരക്കാലന്‍ അമ്മായിയപ്പനാണെങ്കി, എല്‍സമ്മയെ പെരുവഴീലോട്ട് - അതും, ജോണിക്കുട്ടീടെ കൊച്ചിനെ അവക്ക് ഒരു മാസം വയറ്റിലും കൂടെ ഒണ്ടെന്നോര്‍ക്കണേ - അങ്ങ് എറക്കീം വിട്ടു. അതിനെടേലാണെങ്കി, ജോണിക്കുട്ടീനെ പരിചരിക്കാന്‍ വന്ന നേഴ്സുകൊച്ച് അവനെ അങ്ങ് കേറി പ്രേമിച്ചു, അവരടെ കല്യാണോം കഴിഞ്ഞു, ഫസ്റ്റ് നൈറ്റും കഴിഞ്ഞു... അല്ല, എന്നാത്തിനാ വലിച്ചു നീട്ടുന്നെ എന്‍റെ ഡോക്ടറേ, ഒടുക്കം രണ്ടു പേരും ഇനി ഒരിക്കലും ഒന്നിക്കാന്‍ പറ്റാത്ത - ഒന്നിക്കാന്‍ പാടില്ലാത്ത - രണ്ടു ധ്രുവങ്ങളിലേക്ക് അങ്ങനെ പൊയ്ക്കോണ്ടിരിക്കുമ്പഴല്ലിയോ, ഇടിത്തീ വീണ പോലെ അവമ്മാരടെ ഒടുക്കത്തെ ഒരറിയിപ്പ് - പതിന്നാലിന് അവസാനത്തെ എപ്പിസോഡാണന്ന്!
ഡോക്ടര്‍ക്കറിയാവോ - അല്ല, അറിയാമ്മേലന്നെനിക്കറിയാം, അതുകൊണ്ട് ദേ, ഞാനായിട്ടു പറയുവാ - പിള്ളാരടച്ചായനാണെങ്കി റയില്‍വേയീന്ന് പെന്‍ഷന്‍ കിട്ടുന്ന കാശ് ഓരോ മാസോം കള്ളുകുടിക്കാന്‍ പോലും തെകയുന്നില്ല. അതിലെനിക്ക് ദെണ്ണമില്ല. മൂത്ത മോനാണെങ്കി, ആരാണ്ടടെ മാല പൊട്ടിച്ച കേസില് ഇപ്പം ജയിലിലാ. അതോര്‍ത്തിട്ടും ദേണ്ടെ എനിക്കില്ല, ഒരു തരിമ്പു പോലും വെഷമം. അതെന്താന്ന് ഡോക്ടര്‍ക്കറിയുവോ? എന്‍റെ മോളൊരുത്തിയൊണ്ടല്ലോ, അവള് മൈസൂരില്‍ പഠിച്ച്, വല്യ കമ്പ്യൂട്ടര്‍ എഞ്ചിനീയറായിട്ടു വരുമ്പം എന്‍റെയീ കഷ്ടപ്പാടൊക്കെ അങ്ങ് തീരുവല്ലോന്നോര്‍ത്തിട്ടാ. ദേ ഇന്നാളും കൂടെ, അവള് എന്നെ ഫോണ്‍ ചെയ്തപ്പം പറഞ്ഞതെന്താന്നറിയുവോ - അമ്മച്ചി എനിക്കിനി കാശൊന്നും അയച്ചു തരണ്ട, എനിക്കിവിടെ പഠിക്കാനും, ചെലവിനു കഴിയാനും ഒള്ളതും, അതില്‍ക്കൂടുതലും ഞാന്‍ തന്നെ ഒണ്ടാക്കുന്നൊണ്ടെന്ന്. അല്ലെങ്കിലും പണ്ടുതൊട്ടേ അവള് ബഹുമിടുക്കത്തിയാ ഡോക്ടറേ. അവക്കവിടെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില് റിസപ്ഷനായിട്ട് പാര്‍ട്ടൈം ജോലിയൊണ്ട്. അതു വെച്ചിട്ടാ അവളീ സമ്പാദിക്കുന്നത്. ഇപ്പം കമ്പ്യൂട്ടറുകാര്‍ക്കൊക്കെ പണി കിട്ടാന്‍ വല്യ പാടാന്നല്ലിയോ എല്ലാരും പറയുന്നെ? എന്നാലും അവള്‍ക്കത്തിന്റെ ഒന്നും ഒരു കൂസലും ഇല്ല കേട്ടോ. അമ്മച്ചി വെഷമിക്കണ്ട, എല്ലാക്കാലത്തും എനിക്ക് ജോലി ഒണ്ടാകുമെന്നാ അവള് പറഞ്ഞെ. അതാ ഡോക്ടറേ, അവടെ തന്‍റേടം. എന്നിട്ട് ആ വടക്കേതിലെ മത്തായീടെ മോന്‍ ജസ്റ്റിന്‍ ഒണ്ടല്ലോ - ബാംഗ്ലൂര് വിപ്രോയോ, കൊപ്രായോ അങ്ങനെ ഏതോ ഒരു കമ്പനീല് കമ്പ്യൂട്ടര്‍ എഞ്ചിനീയറായിട്ട് ജോലി ഒണ്ടെന്നൊക്കെ പറയുന്ന ആ അലവലാതി - അവന്‍ നാട്ടില് വന്നപ്പം എന്നാ ഒക്കെ തോന്നിയവാസമാ പറഞ്ഞോണ്ട് നടന്നെ? ജനിച്ചേപ്പിന്നെ ഇന്നു വരെ മനസ്സ് കൊണ്ടു പോലും ഒരു പാപോം ചെയ്യാത്ത എന്‍റെ പെങ്കൊച്ച്, അവിടെ മറ്റേ പണി ചെയ്യുവാണന്നും, അവള് പേരു പറഞ്ഞ ഹോട്ടലിന്‍റെ മുറീല് അവനും അവളും കൂടെ - ഡോക്ടറേ, ദൈവത്തിനു നെരക്കായ്ക ഞാന്‍ പറയുകേല - അതിന്‍റെ വീഡിയോ അവന്‍റെ മൊബൈലേല് ഒണ്ടെന്നും ഒക്കെയല്ല്യോ? അതും പോരാഞ്ഞ്, അവന്‍റെ 'ഫ്ലൂട്ടൂത്ത്' വെച്ചിട്ട് അതു നാട്ടിലൊള്ള തലതെറിച്ച ചെക്കന്‍മാരടെ മൊത്തം മൊബൈലേല് കേറ്റി വിടുകേം ചെയ്തില്ല്യോ? ഡോക്ടറു തന്നെ പറ, ഇന്നത്തെക്കാലത്ത് ഒരു കമ്പ്യൂട്ടറും, ഒരാള്‍ടെ ഒരു ഫോട്ടോയും ഒണ്ടെങ്കി, ആര്‍ക്കു വേണേലും ഒണ്ടാക്കാന്‍ പറ്റാത്ത കന്നംതിരിവു വല്ലോം ഒണ്ടോ? അതിന്‍റെയൊക്കെ പേരില്‍ എന്‍റെ കൊച്ചിനെ ഞാന്‍ സംശയിക്കണോ? അതൊന്നും ഈ മറിയക്കുട്ടി ജന്മത്ത് വിശ്വസിച്ചിട്ടില്ല ഡോക്ടറേ, കര്‍ത്താവൊടേതമ്പുരാനാണെ, ഇനിയൊട്ടു വിശ്വസിക്കത്തും ഇല്ല. പിന്നെ, കര്‍ത്താവൊരാളൊണ്ടെന്നു പറയുന്നത് ഒള്ളതാ ഡോക്ടറേ. അവന്‍റെ തന്തയില്ലാഴികക്കൊള്ള ശിക്ഷ അവനു കിട്ടി. സാമ്പത്തികമാന്ദ്യം കാരണം അവനെ അവന്‍ ജോലി ചെയ്തിരുന്ന കമ്പനീന്ന് പറഞ്ഞും വിട്ടു, ഇപ്പ ദേ - ആ കാരക്കൂടത്തെ ആന്‍റിന അമ്മിണി വന്ന് പറഞ്ഞിട്ടു പോയതെന്താന്നറിയാവോ? അവന് എയ്ഡ്സാന്ന്! ആ പണ്ടാരക്കാലമാടന് അങ്ങനെ തന്നെ വേണം ഡോക്ടറേ, അവന്‍ പുഴുത്തേ ചാവത്തൊള്ളു. അതു പോലത്തെ ചെയ്ത്തല്യോ, അവന്‍ എന്നോടും എന്‍റെ മോളോടും ചെയ്തെ? എന്നിട്ടൊണ്ടല്ലോ, എന്‍റെ ഡോക്ടറേ - എന്‍റെ മോളുടെ മനസ്സിന്‍റെ ഒരു നന്‍മ നോക്കണേ - ശത്രുവായിട്ടു പോലും, അവന് ആ അസുഖമാന്നു പറഞ്ഞപ്പം അവള്‍ക്കെന്നാ വെഷമവാരുന്നെന്നോ! അവന് അതു തന്നെ വേണംന്നൊക്കെ ഞാന്‍ പറഞ്ഞിട്ടും, ഫോണ്‍ വെക്കുമ്പം അവള് ഏങ്ങലടിച്ചത് ഞാന്‍ കേട്ടു. അതാ ഡോക്ടറേ എന്‍റെ മോള്, ശരിക്കും മാലാഖേന്നൊക്കെ പറയുന്ന പോലെ.
പിന്നെ ഇതിലൊക്കെ എളയവനൊരുത്തനൊള്ളത് ഭയങ്കര ഡീസന്‍റാ ഡോക്ടറേ. ഏഴാം ക്ലാസ്സില്‍ ഒരു കൊല്ലം പഠിച്ചത് മതിയാകാഞ്ഞിട്ട് ഇപ്പം രണ്ടാമത്തെ കൊല്ലമാ അവന്‍ പഠിക്കുന്നെ. എന്നിട്ടും ഈ ഒടുക്കത്തെ കണ്ണിക്കടി മൂത്ത നാട്ടുകാരൊണ്ടല്ലോ, എന്നാ പറഞ്ഞോണ്ടു നടക്കുന്നേന്നറിയാവോ? ആ തേവിടിശ്ശി ദീനാമ്മേടെ ഗര്‍ഭത്തിന് ഉത്തരവാദി അവനാണെന്ന്! ഡോക്ടര്‍ക്കറിയാവോ, അവളെ ഈ നാട് മുഴുവന്‍ അറിയുന്നത് ഡ്രൈവിങ്ങ് സ്കൂളെന്നാ. അങ്ങനത്തെ അവക്ക് വയറ്റിലൊണ്ടായെങ്കി, എട്ടും പൊട്ടും തിരിയാത്ത എന്‍റെ മോനാണോ അതിനുത്തരവാദി? അല്ലേല്‍ ഡോക്ടറു തന്നെ പറ, ഇപ്പഴും ഒരു പൊടിമീശ പോലും കിളുക്കാത്ത അവനെക്കൊണ്ടതൊക്കെ പറ്റുവോ? കാര്യം അവനവടെ വീട്ടില്‍ എടക്കൊക്കെ പോകാറൊണ്ടെന്നൊള്ളത് ശരിയൊക്കെത്തന്നെയാ. പക്ഷേ ഡോക്ടര്‍ക്കറിയാവോ, അവര് തമ്മിലൊള്ളത് വെറും ഫ്രണ്ട്ഷിപ്പ് മാത്രവാ. ദീനാമ്മയെ അവന്‍ സ്വന്തം ചേച്ചിയെ പോലെയാ കാണുന്നതെന്ന് എന്‍റെ മോന്‍ എന്‍റെ തലേല്‍ കൈ വെച്ച് സത്യം ചെയ്തപ്പഴൊണ്ടല്ലോ ഡോക്ടറേ - ഒള്ളതു പറയാവല്ലോ, എന്‍റെ രണ്ടു കണ്ണും അങ്ങ് നെറഞ്ഞു പോയി! കാര്യം അവള് കൊള്ളരുതാത്തവളാണെങ്കിലും ഇങ്ങനത്തെ കറകളഞ്ഞ സ്നേഹബന്ധം ഇന്നത്തെക്കാലത്ത് അവരടെ എടേലും പിന്നെ ടീവീ സീരിയലിലും അല്ലാതെ വേറെ എവിടെയെങ്കിലും കാണാനൊക്കുവോ ഡോക്ടറേ? ഡോക്ടറ് തന്നെ പറ.
ഇതൊക്കെയാണേലും എന്‍റെ ഡോക്ടറേ, എന്‍റെ ചെന നെറഞ്ഞു നിന്ന ജേഴ്സിപ്പശൂനെ വിറ്റ് ഞാന്‍ മേടിച്ച ടീവീല് ഈ സ്നേഹമാല്യം സീരിയല് കാണുമ്പഴാ, സത്യം പറയാവല്ലോ, എനിക്ക് എന്‍റെ ജീവിതത്തിനൊരു അര്‍ഥോം, ഒരു വെലേം ഒക്കെയൊണ്ടെന്നു തോന്നാറ്. ഇനിയിപ്പം അതിന്‍റെ ഒരു ക്ടാവൊള്ളത് വലുതായി, അതു പെറ്റിട്ട് വേണം പണ്ടത്തെ പോലെ പാലു വിറ്റ് വീട്ടുചെലവൊക്കെ നടത്തിക്കൊണ്ടു പോകാന്‍. അതിയാന്‍റെ ഒടുക്കത്തെ ഒരു കള്ളുകുടി കാരണം എല്ലാ മാസോം പകുതി കഴിഞ്ഞാല്‍ പിന്നെ കടത്തിലാ ഡോക്ടറേ. പിന്നെ, മാനസരമ വാരികേല് എല്ലാ ആഴ്ചേം ഡോക്ടറെഴുതുന്ന മറുപടികള് ഞാന്‍ മൊടങ്ങാതെ വായിക്കാറൊണ്ട് കേട്ടോ. ആ പരിചയം വെച്ചു പറയുവാ, മനുഷന്‍റെ മനസ്സെന്നു പറയുന്ന പ്രതിഭാസത്തിനെ ഡോക്ടറെപ്പോലെ ഇത്രേം ആഴത്തില്‍ മനസ്സിലാക്കിയ വേറെ ഒരാളുമില്ല.
ഇത്രേം ഒക്കെ വിവരമൊള്ള ഡോക്ടര്‍ക്ക്, ഓരോരോ ആള്‍ക്കാര് ഓരോരോ സമയങ്ങളില് എന്നാ ഒക്കെയാ ചെയ്യുന്നതെന്ന് കണക്കു കൂട്ടി പറയാനും പറ്റുവാരിക്കുവല്ലോ? അങ്ങനെ കണക്കു കൂട്ടി ഒന്ന് പറഞ്ഞു താ ഡോക്ടറേ, ഈ ജോണിക്കുട്ടീടേം എല്‍സമ്മേടേം കാര്യം. ഒടുവില്‍ അവരൊരുമിച്ച് ജീവിക്കുവോ? അതോ, രണ്ടു പേരും ഒരുമിച്ച് ആത്മഹത്യ ചെയ്യുവോ? അവര് രണ്ടാളും മരിച്ചാല്‍, എല്‍സമ്മ പ്രസവിച്ച ജോണീടെ കൊച്ചിനെ അവന്‍റെ ഭാര്യ റോസി ഏറ്റെടുക്കുവോ? എന്‍റെ ഡോക്ടറേ, രാവും പകലും ഇടതു തന്നെ ആലോചിച്ച് എനിക്കിപ്പം ഊണിനും രുചിയില്ല, ഒറക്കോം ഇല്ല, ആകെ കൊഴാമറിച്ചിലായി. അന്നേരം പിള്ളാരടച്ചായനാ പറഞ്ഞെ, എന്‍റെ മറിയക്കുട്ടീ, നീ ഇങ്ങനെ കെടന്നു തീ തിന്നാതെ ആ വാരികേലെ മനശ്ശാസ്ത്രജ്ഞനോട് ഒന്നെഴുതി ചോദിക്കാന്‍. ഡോക്ടറ് എന്നെ കൈവിടുകേലെന്നൊള്ള പ്രതീക്ഷേല്, ഞാനങ്ങു നിര്‍ത്തുവാ. അടുത്ത ലക്കത്തില്‍ എനിക്ക് കൃത്യമായിട്ട് ഒരു മറുപടി കിട്ടിയില്ലെങ്കി ഞാന്‍ ചങ്കുപൊട്ടി ച്ചാകും ഡോക്ടറേ, അതൊറപ്പാ.
എന്ന്
വിശ്വസ്തതയോടെ, സ്വന്തം
മറിയക്കുട്ടി
ഒപ്പ്
24 comments:
മറിയക്കുട്ടിയുടെ മനോവ്യഥകള്‍...
അല്ലേലും നിങ്ങള് തന്നെ പറ, മറിയക്കുട്ടി എങ്ങനെ വെഷമിക്കാതിരിക്കും?
അതു ശരിയാ...
മറിയക്കുട്ടിയ്ക്ക് വിഷമിയ്ക്കാന്‍ വേറെ കാരണമൊന്നും ഇല്ലാത്ത സ്ഥിതിയ്ക്ക് സീരിയലിനെ കുറിച്ചെങ്കിലും ഓര്‍ത്ത് കുറച്ച് വിഷമിയ്ക്കണമല്ലോ
;)
മറിയക്കുട്ടി കലക്കി!
എനിക്കിതു വായിച്ചിട്ട് ചിരിയല്ല വന്നത്...
ഉള്ളില്‍ എന്തോ ഒരു ആന്തല്‍ പോലെ...
എഴുതു തുടരുക...
നന്‍മകള്‍ നേരുന്നു..
ശ്രീ, മറിയക്കുട്ടി എന്നാ ഓര്‍ത്തിട്ടു വെഷമിക്കാനാന്നേ? പുള്ളിക്കാരത്തീടെ കുടുമ്മത്ത് എല്ലാം നല്ല അവസ്ഥയല്ലിയോ.
പാമരന്‍, മറിയക്കുട്ടി പാവം!
ഹനല്ലലത്ത്, സംഭവം കോമിക് ട്രാജഡി ആണന്നോര്‍ക്കണം - അതായത് കോമഡി എഴുതാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ ട്രാജഡി...
എല്ലാര്‍ക്കും താങ്ക്സ് ട്ടാ!
പ്രിയ മറിയക്കുട്ടി..
കേട്ടിടത്തോളം ഇതൊരു രോഗമല്ല...വെറുമൊരു രോഗാവസ്ഥ മാത്രമാണു..
കത്തില്‍ നിന്നും മനസ്സിലായത് താങ്കള്‍ ആശങ്കയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഏതു നിമിഷവും പൊട്ടിത്തെറിയ്ക്കാവുന്ന ഒരു ചങ്കുമായി അനുനിമിഷം മരിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു മഹാവ്യാധിയ്ക്കടിമയാണെന്നാണ്..അതിനാല്‍ എത്രയും വേഗം കണ്‍സള്‍ട്ടിംഗ് ഫീസ് ആയ ആയിരം രൂപ താഴെ പറയുന്ന വിലാസത്തില്‍ അയയ്ക്കുക..പ്രത്യേകം ശ്രദ്ധിയ്ക്കേണ്ട കാര്യം
തുക ക്യാഷ് ആയിത്തന്നെ അയയ്ക്കേണ്ടതാണു..ചെക്കുകള്‍ സ്വീകരിയ്ക്കുന്നതല്ല..
വിശ്വസ്തതയോടെ..
ഡോക്റ്റര്‍ മനോഗുണന്‍, എം.ബി.ബി.എസ്,എം.ഡി
ഉന്മാദനിലയം ചിത്തരോഗാശുപത്രി
കേരളം,ഭാരതം..
മനോഗുണന്‍ (ഒപ്പ്)
:)
ഡോക്ടര്‍ മനോഗുണന്‍...
പാവം മറിയക്കുട്ടിയോട് ഇത്ര ഫീസ് മേടിച്ചാല്‍... ദൈവം പോലും ക്ഷമിക്കൂല്ല ട്ടാ...
ഡോക്ടര്‍ക്ക് ഷോക്ക് കൊടുക്കേണ്ട ടൈം ആയെന്നു തോന്നുന്നു :)
ഇത് ഒരു സീരിയലാക്കാനുള്ള സ്കോപ്പുണ്ടല്ലോ. ആക്ഷേപഹാസ്യം ഇഷ്ടമായി. :-)
നന്നായിരിക്കുന്നു.ചിരിക്കണോ കരയണോ എന്നു തീരുമാനിച്ചിട്ടു വിവരം പറയാം
ഓ കോമിക് ട്രാജഡിയായിരുന്നു അല്ലേ? anyway. good work. expecting more from you.
ബിന്ദു, പാവത്താന്‍,
താങ്ക്സ് ണ്ട് ട്ടാ.
ഇനി ഒരു സീരിയലിന് തിരക്കഥയും കൂടി എഴുതണം, എന്നിട്ട് അത് കണ്ട് ജനം കരയട്ടെ (ഇത് കണ്ടു പോയല്ലോന്നോര്‍ത്ത്)
nannayirikkunnu.
കലക്കീന്നു പറഞ്ഞാല്‍ പോര, കലകലക്കി. ഇനി ആ ഡോക്ടര്‍ അച്ചായന്റെ മറുപടി കൂടി ഇങ്ങു പോരട്ടെ..
താങ്ക്സ് സുവര്‍ണ, വന്നതിനും കമന്റിയതിനും :-)
വള്ളിക്കുന്ന് മാഷേ,
അഭിപ്രായത്തിന് നന്ദി... പിന്നെ, ഇത് വായിച്ചവരുടെ ചീത്ത കേട്ട് ഞാന്‍ ബ്ലോഗ് എഴുത്ത് നിര്‍ത്തി. അപ്പഴാ ഇനി ഇതിന്‍റെ ബാക്കി. ഞാന്‍ മലയാളം ടൈപ്പ് ചെയ്താല്‍ എന്നെ തട്ടാന്‍ ഒരു ഹാക്കിംഗ്-കം-ക്വട്ടേഷന്‍ അധോലോക സംഘം കോണ്ട്രാക്റ്റ് എടുത്തിരിക്കയാ...
"അമ്മച്ചി എനിക്കിനി കാശൊന്നും അയച്ചു തരണ്ട, എനിക്കിവിടെ പഠിക്കാനും, ചെലവിനു കഴിയാനും ഒള്ളതും, അതില്‍ക്കൂടുതലും ഞാന്‍ തന്നെ ഒണ്ടാക്കുന്നൊണ്ടെന്ന്. അല്ലെങ്കിലും പണ്ടുതൊട്ടേ അവള് ബഹുമിടുക്കത്തിയാ ഡോക്ടറേ. "
അമ്മ മിടുക്കി...മോള്‍ മിടുമിടുക്കി...ആര്യണ്ണന്‍ ബഹുമിടുക്കന്‍.... :-))) കലക്കി മാഷേ
വേഷമിക്കാനും കാണും എല്ലാര്ക്കും ഓരോ കാരണങ്ങള്‍.
(കൊച്ചിയില്‍ ആണോ മാഷെ? ഏനും കൊച്ചിയില്‍ ആണ്, അതിഥിയാണ്. എനി ഹോപ് ടു മീറ്റ്? )
ങാഹാ, കൃഷ്ണദേവരായരുടെ മന്ത്രിയും എത്തിയോ! താങ്ക്സ് ണ്ട് തെന്നാലീ.
മുരളിക, ആകെ കിട്ടുന്ന രണ്ടേ രണ്ട് അവധി ദിവസം കോട്ടയത്തിന് ഒരു പാച്ചിലല്ലേ... പിന്നെ കണ്ടു മുട്ടി കൂടായ്കയില്ല... നിധി ഒളിഞ്ഞിരിക്കുന്ന ദ്വീപുകള്‍ തേടി, കലങ്ങിക്കറുത്ത കടലില്‍... സോറി, എപ്പോഴെങ്കിലും ഒക്കെ കൊച്ചിയുടെ തിരക്കുകളില്‍...
നാം ഇപ്പോള്‍ InfoPark-ലെ ഒരു MNC പൂട്ടിക്കാനുള്ള നിതാന്ത പരിശ്രമത്തില്‍ മുഴുകിയിരിക്കുന്നു...
ബൂര്‍ഷ്വാസി തുലയട്ടെ...!
വായന ലൈറ്റായിട്ടാ...
ബട്ട് കമ്മന്റ് അപ്പോതന്നെ...
മറിയകുട്ടിക്ക് ഇത് വരെ മറുപടികിട്ടിയില്ലേ...
മനശ്ശാസ്ത്രജ്ഞന് അതിനെക്കാള്‍ വലിയ ടെന്‍ഷനില്‍ ആണ്...
വാരികയിലെ "തുളസിക്കതിര്‍" നോവലിലെ ഉമയെ ചതിച്ച, അവളുടെ അമ്മാവന്‍റെ മകന്‍ രാജേന്ദ്രന് ദൈവം എന്ത് ശിക്ഷ കൊടുക്കും?
"ചിത്രകൂടം" നോവലിലെ മഹാമാന്ത്രികന്‍ ഉഗ്രസേനന്‍, സുന്ദരിയക്ഷിയുടെ സഹായത്തോടെ വടക്കേപ്പാട്ട് മനയിലെ നിലവറയിലുള്ള താളിയോല ഗ്രന്ഥങ്ങള്‍ കൈക്കലാക്കുമോ?
"മണിമുത്തം" നോവലിലെ സോണിയ, അലക്സിനെ സ്വന്തമാക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കുമോ?
...
അങ്ങനെ ഒരു നൂറ് കൂട്ടം തലവേദനയുള്ളപ്പഴാ, അവടെ അമ്മേടെ... ഒരു സീരിയല്!
കൊള്ളാം .. നന്നായി ചിരിപ്പിച്ചു ...കുറച്ചു ചിന്തിപ്പിച്ചു ..
സുനില്‍ ജി,
വന്നതിനും നല്ല അഭിപ്രായത്തിനും താങ്ക്സ്...
Post a Comment