Thursday, May 2, 2013

Who Tweeted THAT?

Are you using a desktop OS? Is your browser Firefox/Chrome? Then try this:

  1. Drag this link to your browser's Bookmarks toolbar: [Ω]
  2. Go to Twitter.
  3. Click the "[Ω]" button on the Bookmarks toolbar.

It hides usernames, profile pictures, and "Retweeted by" tags from your timeline. Try to guess which of the people you follow said what!

For the times when you are bored and have nothing to do. :)

Saturday, February 2, 2013

വിശ്വരൂപം

1. വിശ്വരൂപദർശനയോഗം

ഇനി കേരളത്തിലും വല്ല നിരോധനവും വരുകയും സിനിമയുടെ മൂക്കും വേറെ ചില ഭാഗങ്ങളുമൊക്കെ മുറിച്ചുമാറ്റി ഭംഗിയാക്കാൻ കോടതി വിധിയുണ്ടാവുകയും ഒക്കെ സംഭവിക്കുന്നതിനു മുൻപ് കമലഹാസന്‍റെ ഈ പുതിയ ആക്‌ഷൻ ചിത്രം പോയി കാണണം എന്നോർത്ത് ടിക്കറ്റ് ബുക്ക് ചെയ്തു. അടുത്ത നിമിഷം തന്നെ വേണ്ടായിരുന്നു എന്ന് ഓർക്കുകയും ചെയ്തു. വിവാദം ഉണ്ടാക്കി എന്നതു കൊണ്ട് സിനിമ നല്ലതാവണം എന്നില്ലല്ലോ? ഇതും മറ്റൊരു “ദശാവതാരം” തന്നെയാണെങ്കിൽ? ഏതായാലും കാൻസൽ ചെയ്യാൻ നിവൃത്തിയില്ല. പോയി കാണുക തന്നെ എന്ന് തീരുമാനിച്ചു.

എന്‍റെ വീണ്ടുവിചാരം അസ്ഥാനത്തായിരുന്നു എന്ന് തിരിച്ചറിയാൻ ഏറെ നേരം വേണ്ടിവന്നില്ല. തുടക്കത്തിൽ വിശ്വം (കമലഹാസൻ) വിശ്വരൂപം സ്വീകരിക്കുന്ന സംഘട്ടനരംഗം വളരെ മനോഹരമായും ആവേശജനകമായ വിധത്തിലും (വെടിയുണ്ട കൊള്ളുമ്പോൾ ആൾ തെറിച്ചുവീഴുന്ന പതിവ് "സിനിമണ്ടത്തരം" ആവർത്തിക്കുന്നുണ്ടെങ്കിലും!) ആണ്‌ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. സമാനമായ ഒരു അടിപിടിക്കാഴ്ച 2009-ലെ “ഷെർലക് ഹോംസ്” എന്ന ഹോളിവുഡ് ചിത്രത്തിലാണ്‌ കണ്ടിട്ടുള്ളത് എന്നാണോർമ. പിന്നീട് വേഗത്തിൽ കഥ പറഞ്ഞു പോകുകയാണ്‌ (സഹ)തിരക്കഥാകൃത്തും സംവിധായകനുമായ കമലഹാസൻ. (അതുൽ തിവാരിയാണ്‌ രചയിതാക്കളിൽ മറ്റെയാൾ.)

അൽ-ഖ്വയ്ദ തീവ്രവാദിയായ ഒമറിന്‍റെ (രാഹുൽ ബോസ്) ക്യാമ്പിൽ വിസാം അഹമ്മദ് കശ്‌മീരി എന്ന കള്ളപേരിൽ നുഴഞ്ഞുകയറുന്ന നായകൻ. (ഇവിടെ ഒരു കാര്യം പറഞ്ഞോട്ടെ, കമലഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ശരിയായ പേര്‌ എന്താണെന്ന് കഥയിൽ ഒരിടത്തും വ്യക്തമാക്കുന്നില്ല! വിശ്വനാഥൻ, വിസ്, തൌഫീഖ്, നാസർ എന്നീ പേരുകൾ സിനിമയിൽ ഉപയോഗിക്കുന്നുണ്ട്. “വിസ്” എന്ന പേര്‌ ഒരു ഇന്ത്യക്കാരൻ മുസൽമാന്‍റേതു പോലെ തോന്നുന്നേ ഇല്ലെങ്കിലും [“വിശ്വനാഥൻ” എന്ന പേരിന്‍റെ ചുരുക്കമാണെന്നും കരുതാൻ പറ്റില്ല, അതേ കാരണത്താൽ] സഹപ്രവർത്തകർ വിളിക്കുന്ന പേര്‌ അതായതിനാൽ അതായിരിക്കാം നായകന്‍റെ പേര്‌ എന്നു കരുതാം.) അവിടുത്തെ പരിശീലനകാലത്തിനിടയിൽ അയാൾ കാണുന്ന ജീവിതം വളരെ നന്നായി തന്നെ ചിത്രീകരിച്ചിരിക്കുന്നു. മതത്തിന്‍റെ പേരിൽ താലിബാനും അൽ-ഖ്വെയ്ദയും ചെയ്യുന്ന കാടത്തങ്ങൾ. സിനിമയുടെ വലിയൊരു ഭാഗം അവിടുത്തെ സംഭവങ്ങളുടെ വിശദമായ ദൃശ്യാവിഷ്കാരമാണ്‌. മതതീവ്രവാദികളുടെ മനുഷ്യത്വരാഹിത്യം വരച്ചുകാട്ടുന്ന ഹൃദയസ്പർശിയായ രംഗങ്ങൾ, ഈ ചിത്രത്തിന്‍റെ ആത്മാവ് എന്നു തന്നെ പയാവുന്നവ, കയ്യടക്കത്തോടു കൂടി എഴുതിയതിനും സംവിധാനം ചെയ്തതിനും ചിത്രത്തിന്‍റെ പ്രവർത്തകർ കയ്യടി അർഹിക്കുന്നു.

നായകൻ ചാരനാണെന്ന് ഒമർ കണ്ടുപിടിക്കുന്നത് അല്ലെങ്കിൽ അത് വിസ് തന്നെ അയാൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നത് എപ്പോഴെന്നു വ്യക്തമാക്കാതെ (തീർച്ചയായും അത് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി കമൽ മാറ്റിവച്ചിരിക്കുകയാവാം; എന്നാലും സിനിമയുടെ പൂർണതയെ ബാധിക്കുന്ന എന്തും അതിന്‍റെ ആസ്വാദ്യതയെയും സ്വാധീനിക്കുന്നുണ്ട് എന്നുള്ള വാസ്തവം അവശേഷിക്കുന്നു) വർത്തമാനകാലവും ഭൂതകാലവും ഇടവിട്ടു കാണിച്ചു കൊണ്ട് കഥ മുന്നോട്ടു പോകുന്നു. അഫ്ഗാനിൽ വച്ച് സുഹൃത്തുക്കളായിരുന്ന വിസ്-ഉം ഒമറും ഇന്ന് എതിർചേരികളിലാണ്‌. ന്യൂ യോർക്ക് വിസ്-ന്‍റെ വീട്ടിൽ, ഒമർ നല്കിയ വിവരം അനുസരിച്ച് എഫ്.ബി.ഐ. റെയ്ഡ് നടത്തുന്നു. രക്ഷപെടുന്ന വിസ്-ഉം സഹപ്രവർത്തകരും വിസ്-ന്‍റെ ഭാര്യ നിരുപമയുടെ ഓഫീസിലേക്കാണ്‌ പോകുന്നത്. അവിടെ നടന്നിരുന്ന രഹസ്യപ്രവർത്തനങ്ങളുടെ ചുരുളഴിക്കാൻ ശ്രമിക്കവേ അവർ എഫ്.ബി.ഐ.യുടെ പിടിയിലകപ്പെടുന്നു.

തങ്ങളുടെ യാഥാർത്ഥ്യം വെളിപ്പെടുത്താതെയിരിക്കാനും അതേസമയം നിരപരാധിത്വം എഫ്.ബി.ഐ.യെ ബോദ്ധ്യപ്പെടുത്താനും അവർ ശ്രമിച്ച് പരാജയപ്പെടുന്നു. ഒടുവിൽ സത്യം അവർ വെളിപ്പെടുത്തുന്നു: വിസ്-ഉം കൂട്ടുകാരും ഇന്ത്യയിലെ റിസർച്ച് ആൻഡ് അനാലിസിസ് വിങ്(RAW)-ന്‍റെ ആളുകളാണ്‌. പിന്നീട് എഫ്.ബി.ഐ.യും “റോ” ഏജന്‍റുകളും ചേർന്ന് ന്യൂ യോർക്കിൽ ബോംബ് സ്ഫോടനം നടത്താനുള്ള ഉമറിന്‍റെ പദ്ധതി തകർക്കാനുള്ള ശ്രമത്തിലേർപ്പെടുന്നു ... .

ഉദ്വേഗജനകമായ വഴിത്തിരിവുകളോ അപ്രതീക്ഷിതങ്ങളായ പ്രതിസന്ധികളോ ഒന്നുമില്ലാതെ തികച്ചും പ്രതീക്ഷിക്കാവുന്ന വിധത്തിലുള്ള ഒരു സംഭവപരിണാമത്തിൽ എത്തി സിനിമ നിൽക്കുന്നു; ശേഷം അടുത്ത ഭാഗത്തിൽ എന്ന അറിയിപ്പോടു കൂടി. സിനിമയിലായാലും സാഹിത്യത്തിലായാലും ഇങനെ പാതിവഴിയിൽ കൊണ്ടു ചെന്ന് കഥ അവസാനിപ്പിക്കുന്നത് പൊതുവേ ആസ്വാദകർക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു ഏർപ്പാടാണ്‌. അതും ഈ ചിത്രത്തിന്‍റെ കരുത്ത് കുറയ്ക്കുന്ന ഒരു ഘടകമായിത്തീരുന്നു.

അഭിനയത്തിൽ പൂജ കുമാറും ആൻഡ്രിയ ജെറമിയയും തങ്ങളുടെ റോളുകൾ ഭംഗിയായി ചെയ്തിരിക്കുന്നു. ഏറെയൊന്നും പെർഫോം ചെയ്യാനുള്ള വകുപ്പില്ലെങ്കിലും ശേഖർ കപൂറും തന്‍റെ ഭാഗം ഏറ്റവും നന്നായി അഭിനയിച്ചിരിക്കുന്നു. കമലഹാസനും രാഹുൽ റോയിയും ആണ്‌ പ്രകടനത്തിന്‍റെ കാര്യത്തിൽ മുൻനിരയിൽ നില്ക്കുന്നത്. എന്നാൽ വേണ്ടത്ര സ്ക്രീൻ സമയം കിട്ടാതെ പോയ മറ്റൊരു പ്രമുഖ നടനും സിനിമയിലുണ്ട് — നസീറുദ്ദിൻ ഷായുടെയും ഇന്ന് നമ്മോടൊപ്പമില്ലാത്ത തിലകന്‍റെയും മോഹൻ അഗാഷെയുടെയും ഒക്കെ നിരയിൽ സ്ഥാനമുള്ള നാസർ. അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‌ രണ്ടാം ഭാഗത്തിലെങ്കിലും കൂടുതൽ പ്രാധാന്യം ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു (ഇപ്പോഴത്തെ കഥാഗതി വച്ച് അതിനുള്ള സാദ്ധ്യത കുവാണെന്ന് തോന്നുന്നെങ്കിലും).

ഇനിയും കിള്ളിക്കിഴിച്ചു നോക്കിയാൽ കുറ്റങ്ങൾ പലതും പറയാൻ കണ്ടു എന്നു വരാം. എന്തെല്ലാമായാലും ഹോളിവുഡ് നിലവാരത്തോടടുത്തു നിൽക്കുന്ന വിധം നിർമ്മിക്കപ്പെട്ട ഈ ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ തികച്ചും വ്യത്യസ്തമായ ഒരു സംരംഭമാണെന്ന് പറഞ്ഞേ തീരൂ. ആ ഒരു ഉദ്യമത്തിന്‍റെ ഗാംഭീര്യമോർക്കുമ്പോൾ അവഗണിക്കാൻ പറ്റാത്തതായ ന്യൂനതകൾ ഈ ചിത്രത്തിനുണ്ടോ? ഇല്ലെന്നാണ്‌ എന്‍റെ അഭിപ്രായം. കമലഹാസന്‍റെ ഈ “വിശ്വരൂപം” ഒന്ന് കണ്ടിരിക്കേണ്ടതു തന്നെയാണ്‌.

2. യുദ്ധപർവ്വം

ഇനിയുള്ള ചോദ്യം, എന്തുകൊണ്ട് ഈ ചിത്രം വിവാദമായി എന്നുള്ളതാണ്‌. തീവ്രവാദികളുടെ ഇടയിൽ കഴിയുന്ന നായകന്‍റെ അനുഭവങ്ങളാണ്‌ മുൻപു പഞ്ഞതുപോലെ സിനിമയുടെ ഏറെ പ്രധാനമായ ഒരു ഖണ്ഡം. ശിരസ്സിൽ തൊപ്പി ധരിക്കുന്ന, താടി നീട്ടി വളർത്തിയ, തഖ്ബീർ വിളികൾ മുഴക്കുന്ന തീവ്രവാദികളെയും അവരുടെ ഭ്രാന്തൻ ചെയ്തികളും കണ്ടുകണ്ട് ഇസ്ലാം = തീവ്രവാദം എന്നൊരു ധാരണ ആളുകളിൽ ഉണ്ടായാൽ? ഒരു വിഭാഗം ഇസ്ലാമികവിശ്വാസികൾക്ക് അങ്ങനെ ഒരു സംശയം തോന്നിയതിൽ അവരെ ഞാൻ കുറ്റപ്പെടുത്തുകയില്ല. മതചിഹ്നങ്ങളുടെ ഉപയോഗം അത്രയേറെ ഉണ്ട് ചിത്രത്തിലെ ആ ഭാഗങ്ങളിൽ. എന്നാൽ, അതേ സമയം, മതത്തിന്‍റെ പേരിലുള്ള തീവ്രവാദം അങ്ങനെയല്ലാതെ പിന്നെ എങ്ങനെ ചിത്രീകരിച്ചാലാണ്‌ ശരിയാവുക എന്ന ചോദ്യവും ഉയരുന്നു. വേണമെങ്കിൽ കമലിന്‌ “അല്ലാഹു അക്ബർ” എന്ന മുദ്രാവാക്യങ്ങൾ ഒഴിവാക്കിയും മതചിഹ്നങ്ങൾ ധരിക്കാതെ നടക്കുന്ന തീവ്രവാദികളെ കാണിച്ചും അക്രമരംഗങ്ങൾ മുറിച്ചു മാറ്റിയും സിനിമയെ ഒന്ന് മയപ്പെടുത്തി എടുക്കാമായിരുന്നു. എന്നാൽ അതാകുമോ യാഥാർത്ഥ്യത്തോട് കൂടുതൽ അടുത്തു നിൽക്കുക? ഒരേ വിശ്വാസത്തിന്‍റെ പിൻതുടർച്ചക്കാർ എന്ന നിലയ്ക്ക് എപ്പോഴെങ്കിലും ആ കൂട്ടരോട് ഒരു അനുഭാവത്തിന്‍റെ കണികയെങ്കിലും തോന്നാൻ ഇടയായിട്ടുള്ളവരെക്കൂടി അൽ-ഖ്വയ്ദ/താലിബാൻ/ലഷ്കർ പ്രവർത്തകരുടേത് വഴിപിഴച്ചുപോയ, മനുഷ്യത്വം ചോർന്നു പോയ, മൂഢത്വം നിറഞ്ഞ വിശ്വാസമാണെന്ന് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്ന വിധത്തിൽ സന്ദർഭങ്ങളെ വൈകാരികമാക്കുവാൻ അങ്ങനെ വെള്ളം ചേർത്ത ദൃശ്യങ്ങളിലൂടെ സാധിക്കുമായിരുന്നോ?

ഇവിടെ ഏതെങ്കിലും ഒരു പക്ഷം ചേരാൻ എനിക്ക് സാധിക്കുന്നില്ല. എന്നാൽ ഒന്നു പയാനാവും: ഈ സിനിമ കണ്ടിട്ട് മുസ്ലിങ്ങളോടുള്ള എന്‍റെ കാഴ്ചപ്പാടിന്‌ ഒരു മാറ്റവും ഉണ്ടായില്ല. അതു പോലെ തന്നെ എല്ലാ പ്രേക്ഷകരും ചിന്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിച്ചുകൂടേ? ചിത്രത്തിലെ ഒരു രംഗത്തിൽ പൂജ കുമാറിന്‍റെ cleavage സ്ക്രീനിൽ തെളിയുമ്പോൾ തിയേറ്ററിൽ ഒരു അപശബ്ദം പോലും ഉണ്ടായില്ല എന്നത് എന്നെ തെല്ല് അദ്ഭുതപ്പെടുത്താതെയിരുന്നില്ല. അടുത്തയിടെയായി എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ്‌ ഒരു സമൂഹം എന്ന നിലയിൽ നമ്മൾ പൊതുവേ പല വിഷയങ്ങളിലും നാം തന്നെ പ്രതീക്ഷിക്കുന്നതിനെക്കാൾ പക്വതയോടെ ചിന്തിക്കാനും പ്രതികരിക്കാനും ശീലിച്ചു തുടങ്ങിയിരിക്കുന്നു എന്ന്. പത്രങ്ങളും സൂകരപ്രസവം പോലെ എണ്ണം പെരുകിയ ചാനലുകളും ഇരുപത്തിനാലു മണിക്കൂറും മത്സരിച്ചു വിളമ്പുന്ന അസംബന്ധങ്ങളോട് ഉരുത്തിരിഞ്ഞുവന്ന സ്വാഭാവികപ്രതിരോധശേഷിയാവാം കാരണം. (ചില മലയാളം ചാനലുകളിൽ “റിയാലിറ്റി ഷോ” എന്ന പേരിൽ കാണിച്ചു വന്നിരുന്ന ചില കോമാളിനാടകങ്ങൾ അടുത്തയിടെ പെട്ടെന്ന് അവസാനിച്ചത് ഓർക്കുക.) അങ്ങനെ ചിന്താശേഷിയാർജിച്ച ഒരു സമൂഹത്തിന്‌ കേവലം ഒരു സിനിമയിൽ നിന്ന് തെറ്റായ ഒരു സന്ദേശം ഉൾക്കൊള്ളാതെയിരിക്കാൻ കഴിയും എന്ന വിശ്വാസത്തിലാണ്‌, ആളുകളിലെ നന്മയിലുള്ള പ്രതീക്ഷയിലാണ്‌, സാമൂഹ്യപുരോഗതി എന്ന് ഞാൻ കരുതുന്നു. അതിനാൽ ഈ ഒരു ചലച്ചിത്രത്തെപ്പറ്റിയുള്ള ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും കഴിയുന്നത്ര അവഗണന നൽകിക്കൊണ്ട് കലയെ കലയായി മാത്രം കണ്ട് ആസ്വദിക്കാൻ നമുക്ക് കഴിയേണ്ടതാണ്‌.

3. വൈരുദ്ധ്യപർവ്വം

ആഷിക് അബുവിന്‍റെ വിവാദവിഷയമായ, ഡിലീറ്റ് ചെയ്യപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് അതേപടി (സ്പെല്ലിങ്, ഗ്രാമർ, പങ്ച്വേഷൻ എറേഴ്സ് സഹിതം!) താഴെ കൊടുക്കുന്നു:

“വിശ്വരൂപൻ കണ്ടു :) നിരോധിക്കപെട്ടില്ലെങ്കിൽ മുടക്കിയ മുതൽ വലിയ രീതിയിൽ നഷ്ടപ്പെടുംയിരുന്നു കമലഹാസന്‌. യഥാർത്ഥ തീവ്രവാദികൾ ഈ സിനിമ കണ്ടു ചിരിച്ചു മരിക്കുന്നുണ്ടാകും. എന്‍റെ പോന്നു മുസ്ലിം മത നേതാക്കളെ ... ദയവു ചെയ്ത് ഈ സിനിമ ഒന്ന് കാണു .. ഈ സിനിമയുടെ ഒരു മലയാളം വെർഷൻ മുൻപ് വിനയൻ ചെയ്തിട്ടുണ്ട് . കാള പെറ്റു എന്ന് നിങ്ങള്‌ കേട്ടു ... കയറ്‌ വിറ്റത് കമലഹാസൻ . :)”

ഈ പോസ്റ്റ് എന്തായാലും ആ ചിത്രത്തെപ്പറ്റിയുള്ള ഒരു സത്യസന്ധമായ അഭിപ്രായപ്രകടനമായി കരുതാൻ എനിക്ക് കഴിയുന്നില്ല. എന്തുകൊണ്ടെന്നാൽ കമലഹാസൻ വളരെ നന്നായി തന്നെ എടുത്തിരിക്കുന്ന ആ സിനിമയെ ഇങ്ങനെ അവഹേളിക്കാൻ സ്വയം വഞ്ചിക്കാതെ ഒരാൾക്കും കഴിയുമെന്ന് എനിക്കു തോന്നുന്നില്ല എന്നതു തന്നെ. ഒരു പക്ഷേ ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ഒന്നായിരിക്കാം അയാൾ ആ പ്രസ്താവന കൊണ്ടുദ്ദേശിച്ചത്.

a. ചിത്രത്തിന്‌ ഇസ്ലാം മതതവികാരത്തെ വ്രണപ്പെടുത്താൻ കഴിയില്ല എന്ന് ആളുകളെ വിശ്വസിപ്പിക്കുക.

b. ചിത്രം മതവിരുദ്ധമാണെന്ന് തോന്നി. എന്നാൽ അതങ്ങ് പച്ചയ്ക്കു പറയാനും വയ്യ. വ്യക്തമായി പ്രതിഷേധം പ്രകടിപ്പിച്ചാൽ ജനവികാരം എതിരാകും. അതുകൊണ്ട് സിനിമ കാണണം എന്ന് ആഗ്രഹിക്കുന്നവരെ അതിൽ നിന്നും പിൻതിരിപ്പിക്കാനുള്ള ഒരു തന്ത്രം. (തുടക്കത്തിൽ പറഞ്ഞ, എനിക്ക് ടിക്കറ്റ് ബുക്ക് ചെയ്തു ഉടനെ തോന്നിയ ആ വീണ്ടുവിചാരത്തിന്‌ ആഷികിന്‍റെ പോസ്റ്റും ഒരു കാരണമായിരുന്നു എന്ന് ഇവിടെ പറയട്ടെ.)

ആദ്യത്തേത് സദുദ്ദേശ്യം, രണ്ടമത്തേത് അങ്ങേയറ്റം മോശമായ ഉദ്ദേശ്യവും. ഇതിൽ ഏതായിരുന്നു ആഷിക്, താങ്കളുടേത്?

ഇപ്പോൾ ഓർത്തുനോക്കുമ്പോൾ ... “സാൾട് & പെപ്പർ” എന്ന ചിത്രത്തിൽ ഒരാവശ്യവുമില്ലാതെ ഷാജി കൈലാസ് എന്ന സംവിധായകനെ കണക്കറ്റു പരിഹസിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയത് ഒരു ദുസ്സൂചനയായി തോന്നുന്നത് വെറുതയായിരിക്കാം അല്ലേ? ഞാൻ വെറുതെ കാടുകയറി ചിന്തിക്കുകയാവാം അല്ലേ?

എല്ലാം വെറും തോന്നലുകളാവാം എന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ആഷിക് അബു.

“വിശ്വാസം രക്ഷിക്കട്ടെ!” (പ്രകാശവും നൂറു പൂക്കളും പോലെ ... .)

Saturday, May 26, 2012

സർ, ഒരു പോളിസി ...

അന്നും പണ്ടാറടങ്ങാനായിട്ട് പ്രഭാതം പൊട്ടിവിടർന്നു. സൂര്യന്‍റെ തന്തക്കു വിളിച്ചുകൊണ്ട് ഒരു യുവ സോഫ്റ്റ്‌വെയർ എൻജിനീയർ ഓഫീസിലേക്കു് പോകാൻ ഒരുക്കം തുടങ്ങി.

അന്നായിരുന്നു LIC ഏജന്‍റ് ഷിബു ഉറക്കത്തിൽ നിന്നും കട്ടിലിന്‍റെ ഇടതുവശം ചെരിഞ്ഞു് എണീറ്റ ദിവസവും.

(സൗകര്യത്തിനു വേണ്ടി കഥയിലെ നായകനായ സോഫ്റ്റ്‌വെയർ എൻജിനീയറെ തത്കാലം നമുക്കു് “ബൈജു” എന്നു് വിളിക്കാം.)

സമയം: അതേ ദിവസം ഉച്ചതിരിഞ്ഞു് ഏകദേശം മൂന്നു്-മൂന്നര മണി.

സ്ഥലം: കൊച്ചി ഇൻഫോപാർക്കിലെ വിസ്മയ ബിൽഡിങ്ങിന്‍റെ മുൻവശം.

ആത്മാവിനു് പുക കൊടുക്കാനും കത്തിയടിക്കാനും ഒക്കെയായി ഓഫീസിൽ നിന്നും പുറത്തിറങ്ങിയതായിരുന്നു ബൈജുവും കൂട്ടുകാരും. ബൈജു ഒരിക്കലും പുകവലി, മദ്യപാനം, ഇമ്മാതിരി കൊള്ളാവുന്ന പരിപാടികൾക്ക് ഒന്നിനും കൂടാത്ത ഒരു ഭൂലോക അലവലാതി ആയിരുന്നു. ആയതിനാൽ അവൻ സെക്കൻഡ് ഹാൻഡ് സിഗററ്റ് പുകയിൽ നിന്നകന്നു്, മന്ദമാരുതന്‍റെ കുളിർമ്മ ആസ്വദിച്ചുകൊണ്ടു് വിദൂരതയിലേക്കു കണ്ണും നട്ടു് നില്ക്കുകയായിരുന്നു ... .

പതിവു പോലെ, ഐ.ടി. ഫീൽഡിലെ വൻ ബിസിനസ് സാദ്ധ്യതകൾ മനസ്സിൽ കണ്ട്, ഇൻഫോപാർക്ക് തീരത്ത് ഇരപിടിക്കാൻ ഇറങ്ങിയ ഷിബുവിന്‍റെ കണ്ണുകൾ; ഏകനായി, ചിന്താവിഷ്ടനായി നിലകൊള്ളുന്ന ബൈജുവിന്‍റെ മേൽ പതിഞ്ഞു.

കുത്തുപാളയെടുപ്പിക്കാൻ ഒരു ചലച്ചിത്രനിർമാതാവിനെ കിട്ടിയ വിനയന്‍റെ മുഖഭാവത്തോടെ ഷിബു ബൈജുവിനെ സമീപിച്ചു.

ഷിബു. “സർ ... ”

ബൈജു കേട്ട മട്ടില്ല.

വീണ്ടും ഷിബു: “സാർര്‍ർ ... ”

ബൈജു, ലോകത്തുള്ള സകലമാന പുച്ഛവും അവജ്ഞയും അഹന്തയും കലർന്ന മുഖഭാവത്തോടെ, അരികിൽ വന്നു നിന്നു് കർണശല്യമുണ്ടാക്കുന്ന അല്പപ്രാണിയെ ഒന്നു് കടാക്ഷിച്ചു.

ഷിബു, കിട്ടിയ സന്ദർഭത്തിനു് ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു: “സർ, താങ്കളെപ്പോലെയുള്ള യങ് പ്രൊഫഷനൽസിനു് വേണ്ടിയുള്ള ഞങ്ങളുടെ ഏറ്റവും പുതിയ പോളിസികളെപ്പറ്റി സംസാരിക്കാൻ താങ്കളുടെ ഒരു രണ്ടു മിനിറ്റ് സമയം കിട്ടുമോ?”

ബൈജു, മുഖം തിരിച്ചു് വീണ്ടും അനന്തതയിലേക്ക് നോട്ടമയച്ചു കൊണ്ടു്: “സോറി ... ഞാൻ അല്പം ബിസി ആണു്.”

ആ മറുപടി കേട്ട ഷിബു തകർന്നു പോയി.

ചുമ്മാ കൈയ്യും കെട്ടി ആകാശത്തേക്കും നോക്കി കാറ്റും കൊണ്ടു കൊണ്ടു് നില്ക്കുന്ന ഇവൻ *ബിസി*യാണെന്നോ?

സ്തബ്ധനായി ഏതാനും നിമിഷം ബൈജുവിന്‍റെ ആ നില്‍പ്പും നോക്കിക്കൊണ്ടു് നിന്നിട്ടു് ഷിബു മെല്ലെ തിരിച്ചു നടന്നു.


*** *** ***

തുടർന്നുള്ള സായാഹ്നങ്ങളിലും ബൈജുവിന്‍റെ വിസ്മയ ബിൽഡിങ്ങിനു മുന്നിലെ ബിസി ആയുള്ള നിൽപ്പ് തുടർന്നു. പക്ഷേ, പിന്നീടൊരിക്കലും ബൈജുവിനെ എന്നല്ല, ആരെയും ശല്യം ചെയ്യാൻ ഷിബു അവിടെ ഉണ്ടായില്ല. അവൻ LIC-യിലെ ജോലി രാജി വച്ച് കൂലിപ്പണിക്കു് പോകാൻ തുടങ്ങിയിരുന്നു ... .
*** *** ***

(വാൽക്കഷണം: കഥയിലെ “ബൈജു” മറ്റാരുമല്ല, ഈ ഞാൻ തന്നെ.)

Sunday, May 20, 2012

05 മെയിൽ കോട്ടയം

ഞാൻ കോട്ടയം ആഷ തിയേറ്ററിൽ “22 ഫീമെയിൽ കോട്ടയം” കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

(മുന്നറിയിപ്പ്: ആ ചിത്രം ഇതു വരെ കണ്ടിട്ടില്ലെങ്കിൽ, കാണാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, വഴിയിൽ സ്പോയിലറുകൾ നിങ്ങളെ കാത്തിരിക്കുന്നു ... .)

ഈ കുട്ടികളെയും കൊണ്ട് സിനിമക്കു വരുന്ന ആളുകളെ എനിക്കു് കണ്ണിനു് കണ്ടുകൂട. അവറ്റകൾ കരയുകയും ബഹളം വയ്ക്കുകയും ഓടിനടക്കുകയും ഒക്കെ ചെയ്തു് സിനിമ ആസ്വദിക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കും എന്നതു തന്നെ കാരണം. കുട്ടികളുള്ള അച്ഛൻ-അമ്മമാരേ, നിങ്ങൾ ദയവായി മറ്റുള്ളവരെ ദ്രോഹിക്കാതെ, ഇനി പറയുന്ന മൂന്നിൽ ഏതെങ്കിലും ഒരു ഓപ്ഷൻ സ്വീകരിക്കാൻ അപേക്ഷ:

1. കുട്ടികളെ നോക്കാൻ ആളെ ഏല്പിച്ചു് വീട്ടിലിരുത്തിയിട്ടു് സിനിമക്കു വരുക.

2. സിനിമ ടി.വി.യിലോ ഇന്റർനെറ്റിലോ വരുന്നതു് വരെ കാത്തിരിക്കുക.

3. സിനിമ കണ്ടവരിൽ നിന്നും കഥ പറഞ്ഞു കേട്ടു് പണ്ടാരമടങ്ങുക.

തിരികെ കഥയിലേക്കു്: സിനിമ തുടങ്ങി ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ എന്റെ വലതുവശത്തുള്ള സീറ്റുകളിൽ വന്നു് സ്ഥാനം പിടിച്ചു ഒരു സന്തുഷ്ടകുടുംബം. ബ്ഭാര്യ, ബ്ഭർത്താവു്, പിന്നെ ... നാലോ അഞ്ചോ വയസ്സുള്ള ഒരു കുട്ടിയും!

“Oh God, why?” — ഞാൻ മനസ്സിൽ പറഞ്ഞു.

സിനിമ തുടരുന്നു. ഇടക്കിടെ ചോദ്യങ്ങൾ ചോദിച്ചും അഭിപ്രായങ്ങൾ പാസ്സാക്കിയും പയ്യൻ കസറുന്നുണ്ട്. അപ്പോഴെല്ലാം അവന്റെ മുത്തശ്ശന്മാരും മുത്തശ്ശിമാരും തുമ്മലോടു തുമ്മലായിരുന്നിരിക്കണം.

കഥയിലെ വഴിത്തിരിവാകുന്ന രംഗം എത്തി.

ക്രൂരനായ വില്ലൻ നായികയുടെ വസ്ത്രങ്ങൾ വലിച്ചു കീറുന്നു. സന്തുഷ്ടകുടുംബത്തിലെ അച്ഛൻ മകന്റെ ചെവിയിൽ എന്തോ പറയുന്നത് ഞാൻ കണ്ടു. കണ്ണടച്ചിരിക്കാൻ ആയിരിക്കും എന്ന് ഞാൻ തമാശയായി ഓർത്തു.

നിസ്സഹായയായ നായികയുടെ കരയുന്ന മുഖത്തിന്റെ ക്ലോസ്-അപ്. ദൃശ്യം മങ്ങി കറുപ്പിലേക്കു് മറയുന്നു. (“Fade out to black” എന്ന് സാങ്കേതികഭാഷ.) തിയേറ്ററിനുള്ളിൽ കനത്ത നിശ്ശബ്ദത. സ്ക്രീനിൽ ഇരുട്ടു് മാത്രം.

നിശ്ശബ്ദത ഭേദിച്ചതു് ഒരു കുഞ്ഞുശബ്ദം: “ഇപ്പം കണ്ണു തൊറക്കാവോ?”.

പരിസരത്തിരുന്നവരെല്ലാം കൂട്ടച്ചിരി!

എന്റെയും മുൻനിരയിരുന്ന പെൺകുട്ടികളുടെയും പിന്നിലിരുന്ന സീനിയർ ദമ്പതികളുടെയും ഒക്കെ മനസ്സുകളിൽ നിന്നു് കഥയിൽ നടന്ന ക്രൂരകൃത്യത്തിന്റെ effect തന്നെ ആ ഒരൊറ്റ line കൊണ്ട് faded out to black ആയി എന്നു് പറഞ്ഞാൽ കഴിഞ്ഞു ... .

അതു കൊണ്ടാണു് വീണ്ടും പറയുന്നതു്: കുട്ടികളെയും കൊണ്ടു് ദയവായി സിനിമക്കു് വരാതിരിക്കുക.

Thursday, January 20, 2011

Enable all input fields

How to enable all input fields (textboxes, checkboxes, selection lists etc.) on any webpage?

Simple.

  1. Drag this link to your Bookmarks/Favourites toolbar: [♣]

  2. Go to the desired page, and click the "[♣]" button on the Bookmarks/Favourites toolbar.

  3. Bob's your uncle.

Tuesday, July 20, 2010

ബെര്‍ളി തോമസിന് ഒരു തുറന്ന കത്ത്

(ബെര്‍ളി തോമസിന്‍റെ ഈ പോസ്റ്റിന് മറുപടിയായി ഞാന്‍ എഴുതിയ കമന്‍റ്. ഇവിടെ പോസ്റ്റ്‌ ചെയ്യണം എന്ന് തോന്നി. വിവരം ഉള്ളവര്‍ അത് ഇല്ലാത്തവര്‍ കാണിക്കുന്ന കോപ്രായങ്ങളെ വിമര്‍ശിക്കും. അത് തെറ്റാണെന്നും അസൂയ കൊണ്ടാണെന്നും ഒക്കെ പറയുന്നത് എങ്ങനെ സഹിക്കും?)

"Epic" browser-നെപ്പറ്റി മാതൃഭൂമിയില്‍ വന്ന ഈ ലേഖനത്തിന്റെ പേജില്‍ ഞാന്‍ എഴുതിയ കമന്‍റ് ഇങ്ങനെ:

"There are like a brazillion free web browsers out there, so this one would hardly be a competition to any of the existing market leaders (IE-Fx-Chrome-Opera). So you can't say something like "ബ്രൗസിങ് രംഗത്തെ ലോക മേലാളന്മാരെ വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യയില്‍ നിന്നൊരു ബ്രൗസര്‍" . That'd sound like bullsh*t to anyone who knows a thing or two about web browsers".

ആ പറഞ്ഞതില്‍ ഞാന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഈ ബ്രൌസര്‍ കൂടുതല്‍ പ്രയോജനപ്പെട്ടേക്കാം; അത് കൊണ്ട് മറ്റു ബ്രൌസറുകളുടെ മാര്‍ക്കറ്റ് ഷെയറില്‍ കാര്യമായ ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് മരുഭൂമിയുടെ ഈ റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നത്.

About the new font with the rupee symbol:

Any lay user can create a font. Only things needed are: 1) A good font editor program 2) Any font installed on your PC, which will be used as a template. So what the Kasargodu team had basically done is that, they opened an existing font, like Arial or something, in the editor; and they changed one symbol - yes, only ONE symbol - to look like the Rupee symbol. ഇത്രയും നിസ്സാരമായ ഒരു കാര്യം മാദ്ധ്യമങ്ങള്‍ ഇങ്ങനെ ആഘോഷിക്കുന്നത് കാണുമ്പോള്‍, ഇതിനെയൊക്കെപ്പറ്റി ശകലം എങ്കിലും വിവരം ഉള്ളവര്‍ക്ക് പ്രതികരിക്കാതെ ഇരിക്കാന്‍ പറ്റില്ല. "ഉഗാണ്ടയില്‍ ഒരാള്‍ "നെല്ല്" എന്ന ഒരു ധാന്യം ഉണ്ട് എന്നും അത് വേവിച്ചു കഴിക്കാന്‍ കൊള്ളാവുന്നതാണ് എന്നും കണ്ടു പിടിച്ചു. ആ കണ്ടു പിടുത്തത്തിന് നോബല്‍ സമ്മാനം കൊടുക്കാന്‍ നോബല്‍ കമ്മിറ്റി തീരുമാനിച്ചു." -- ഇങ്ങനെ ഒരു പത്രവാര്‍ത്ത ഒന്ന് ആലോചിച്ചു നോക്കിക്കേ, അപ്പോള്‍ മനസ്സിലാവും ഞങ്ങള്‍ ഐ.ടി. പ്രൊഫഷനലുകളുടെ മാനസികാവസ്ഥ. And yes, of course, the pages that use this symbol will soon become outdated. യൂണികോഡില്‍ ചിഹ്നം add ചെയ്യുകയും ആളുകള്‍ അതിലേക്കു മാറുകയും ചെയ്യുമ്പോള്‍. അതിനു വലിയ കാലതാമസം ഒന്നും ഉണ്ടാവില്ല!

(സമയക്കുറവു കൊണ്ടാണ്, അല്ലെങ്കില്‍ കുറച്ചു കൂടി വിശദമായ ഒരു മറുപടി പോസ്റ്റ്‌ തന്നെ എഴുതിയേനെ. ചുരുക്കിയാണ് പറഞ്ഞിരിക്കുന്നതെങ്കിലും കാര്യങ്ങള്‍ ഇതു വരെ ശരിക്ക് മനസ്സിലായിട്ടില്ലാത്തവര്‍ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.)